| Thursday, 10th July 2025, 11:59 am

നിയമവിരുദ്ധ ബെറ്റിങ് ആപ്പുകള്‍ പ്രോത്സാഹിപ്പിച്ചു; സിനിമാതാരങ്ങള്‍ക്കെതിരെ കേസെടുത്ത് ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: നിയമം ലംഘിച്ച് ബെറ്റിങ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിന് 29 സെലിബ്രിറ്റികള്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. തെലുങ്കാനയിലും ആന്ധ്രപ്രദേശിലും ഫയല്‍ ചെയ്ത അഞ്ച് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് കേസ്.

സിനിമ താരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, പ്രണിത സുഭാഷ്, മഞ്ചു ലക്ഷ്മി, അനന്യ നാഗെല്ല എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് ഇ.ഡി കേസ് എടുത്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ് അന്വേഷണം ആരംഭിച്ചത്. ജംഗ്ലീ റമ്മി, എ23, ജീറ്റ്വിന്‍, പാരിമാച്ച്, ലോട്ടസ്365 തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി ഇ.ഡി സംശയിക്കുന്നുണ്ട്.

ഈ അഭിനേതാക്കള്‍ക്ക് പുറമെ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, യൂട്യൂബര്‍മാര്‍ എന്നിവര്‍ക്ക് എതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ശ്രീമുഖി, വര്‍ഷിണി സൗന്ദര്‍രാജന്‍, ശോഭ ഷെട്ടി, അമൃത ചൗധരി, നേഹ പത്താന്‍, നയനി പാവനി, ഹര്‍ഷ സായ് തുടങ്ങിയ ടെലിവിഷന്‍ അഭിനേതാക്കള്‍ക്ക് എതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

നേരത്തെ നിരോധിത ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിയമക്കുരുക്ക് വന്നിരുന്നു. മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവ്രാജ് സിങ്, സുരേഷ് റെയ്‌ന, നടി ഉര്‍വശി റൗട്ടേല, നടന്‍ സോനു സൂദ് എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

27,000 കോടിയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നായിരുന്നു ഇ.ഡി പറഞ്ഞത്. 160 കോടിയിലധികം ആളുകളാണ് ഈ ബെറ്റിങ് ആപ്പുകളില്‍ ഇടപാടുകള്‍ നടത്തുന്നതെന്നും അതില്‍ തന്നെ 22 കോടി ഇന്ത്യക്കാര്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുകയും 11 കോടി ആളുകള്‍ നിരന്തരമായും ഉപയോഗിക്കുന്നുവെന്നുമായിരുന്നു ഇ.ഡിയുടെ ഭാഗം.

Content Highlight: ED files case against 29 people, including Vijay Devarkonda, Rana Daggubati, Prakash Raj for promoting illegal betting apps

We use cookies to give you the best possible experience. Learn more