| Friday, 16th May 2025, 4:27 pm

ഗുജറാത്ത് സമാചാര്‍ സഹഉടമയെ ഇ.ഡി അറസ്റ്റ് ചെയ്തു; നടപടി കേന്ദ്രസര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിനാലെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തി പത്രമായ ഗുജറാത്ത് സമാചാറിന്റെ സഹഉടമയായ ബാഹുബലി ഷായെ ഇ.ഡി അറസ്റ്റ് ചെയ്തു. സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് ബാഹുബലി ഷായെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിനാണ് ബഹുബലി ഷായെ അറസ്റ്റ് ചെയ്തതെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്.

ബാഹുബലി ഷായുടേയും സഹോദരന്‍ ശ്രേയാന്‍ഷ്‌ ഷായുടേയും ഉടമസ്ഥതയിലുളള പത്രമാണ് ഗുജറാത്തി സമാചാര്‍. ഇരുവരുടേയും നേതൃത്വത്തിലുള്ള ഓഫീസിലും വീട്ടിലും ഇ.ഡിയും ആദായനികുതി വകുപ്പും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ബാഹുബലി ഷായെ അറസ്റ്റ് ചെയ്തത്.

30 വര്‍ഷം പഴക്കമുള്ള ഒരു കേസിനെത്തുടര്‍ന്നാണ് ഈ നടപടിയെന്ന് ശ്രേയാന്‍ഷ്‌ ഷാ അഭിപ്രായപ്പെട്ടു. ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത്, ഗുജറാത്ത് സമാചാറിന്റെ എക്‌സ് ഹാന്‍ഡിലുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നതായും ശ്രേയാന്‍ഷ്‌ ഷാ പറഞ്ഞു.

അതേസമയം അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെത്തുടര്‍ന്ന് ഷായെ വൈദ്യപരിശോധനയ്ക്കായി വി.എസ് ആശുപത്രിയിലേക്കും തുടര്‍ന്ന് രാത്രിയില്‍ സൈഡസ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ബാഹുബലി ഷായുടെ അറസ്റ്റിനെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മുന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ശക്തമായി അപലപിച്ചു.

ഗുജറാത്തിലെ ഏറ്റവും വലിയ പത്രമായ ഗുജറാത്ത് സമാചാറിന്റെ ഉടമയായ ബാഹുബലി ഷായുടെ  അറസ്റ്റ് അങ്ങേയറ്റം ലജ്ജാകരമാണെന്നും അതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി പ്രതികരിച്ചു.

തങ്ങള്‍ ഗുജറാത്ത് സമാചാറിനൊപ്പം നില്‍ക്കുന്നുവെന്നും കഴിഞ്ഞ 25 വര്‍ഷമായി നരേന്ദ്ര മോദി- അമിത് ഷാ നയങ്ങളെ പത്രം വിമര്‍ശിച്ചതിന് പ്രതികാരം ചെയ്യുകയാണ് ഈ അറസ്റ്റിലൂടെയെന്നും കോണ്‍ഗ്രസ് നേതാവ് എക്‌സില്‍ കുറിച്ചു.

ബാഹുബലി ഷായുടെ മരണത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ചത് ഗുരുതരമായ നടപടിയാണെന്നും അറസ്റ്റിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അംഗം ഷീല ഭട്ട് എക്‌സില്‍ എഴുതി.

1985ല്‍ സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് പത്രത്തിന്റെ ഓഫീസ് കത്തിച്ചിരുന്നു. ഇത് കഴിഞ്ഞ് നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് സഹ ഉടമയായ ബാഹുബലി ഷാ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗുജറാത്ത് സമാചാര്‍, ജി.എസ്.ടി.വി എന്നീ മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന ലോക് പ്രകാശന്‍ ലിമിറ്റഡിന്റെ ഡയറക്ടറാണ് അറസ്റ്റിലായ ബാഹുബലി.

ഗുജറാത്തിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും പ്രചാരത്തിലുള്ള പത്രമാണ് ഗുജറാത്ത് സമാചാര്‍. ഭരണകൂട വിരുദ്ധ നിലപാടുകളുടെ പേരില്‍ പ്രശസ്തമായ ഗുജറാത്ത് സമാചാര്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഗുജറാത്തി പ്രസിദ്ധീകരണമാണ്.

Content Highlight: ED arrests Gujarati Samachar co-owner; family says action taken for reporting against central government

We use cookies to give you the best possible experience. Learn more