| Tuesday, 18th November 2025, 10:25 pm

അൽ ഫലാഹ് സർവകലാശാല ചെയർമാനെ അറസ്റ്റ് ചെയ്ത് ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അൽ ഫലാഹ് സർവകലാശാലയുടെ ചെയർമാൻ അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇ.ഡി(എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)യുടെ നടപടി. സർവകലാശാല പ്രവർത്തിക്കുന്നത് അൽ ഫലാഹ് ഗ്രൂപ്പിന്റെ കീഴിലാണ്. ഇതിന്റെ ചെയർമാനായ ജാവേദ് അഹമ്മദ് സിദ്ദിഖിയെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.

സർവകലാശാലയുടെ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി നേരത്തെ കേസെടുക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. സർവകലാശാലയുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തെളിവ് ശേഖരണമടക്കം നടത്തിയെന്നും ഇ.ഡി വ്യക്തമാക്കി.

നേരത്തെ സർവകലാശാലയ്ക്കെതിരെ വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും ദൽഹി പൊലീസ് ക്രൈം ബ്രാഞ്ച് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലും (എൻഎഎസി) സർവകലാശാലയുടെ അക്രഡിറ്റേഷൻ പരിശോധിച്ച് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് എഫ്.ഐ.ആറുകൾ ഫയൽ ചെയ്തത്

നേരത്തെ എൻ.ഐ.എ ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധമുള്ള മൂന്നാമത്തെ കാർ കണ്ടെത്തിയത് അൽ ഫലാഹ് സർവകലാശാലയിൽ നിന്നായിരുന്നു.

ബ്രസ മാരുതി കാർ സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കണ്ടെത്തിയത്. സ്‌ഫോടനത്തിന് ശേഷം അല്‍ ഫലാഹ് യൂണിവേഴ്സിറ്റിക്ക് മേലുള്ള നിരീക്ഷണം എൻ.ഐ.എ ശക്തമാക്കിയിരുന്നു.

ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികളായ ഡോക്ടർമാർ അൽ ഫലാഹ് സർവകലാശാലയുമായി പ്രവർത്തിച്ചിരുന്നവരായിരുന്നെന്ന് എൻ.ഐ.എ
നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

അറസ്റ്റിലായ ഡോക്ടര്‍മാരെ തള്ളിപ്പറഞ്ഞ സര്‍വകലാശാല രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഭൂപീന്ദര്‍ കൗര്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: ED arrests Al Falah University chairman

We use cookies to give you the best possible experience. Learn more