അമേരിക്കന്‍ പ്രൊഫഷണല്‍ റെസ് ലിങ് സൂപ്പര്‍ താരം ടെറാന്‍സ് മൈക്കല്‍ ബ്രങ്ക് (Terrance Michael Brunk) അന്തരിച്ചു. 60 വയസായിരുന്നു. മെയ് 11 രാത്രിയിലാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇ അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിക്കുന്നത്.
സാബു (Sabu) എന്ന റിങ് നെയ്മില്‍ പ്രശസ്തനായ താരം പ്രൊഫഷണല്‍ റെസ്‌ലിങ് കരിയറിനോട് വിടപറഞ്ഞ് ആഴ്ചകള്‍ക്കുള്ളിലാണ് അദ്ദേഹം മരണപ്പെടുന്നത്. റിട്ടയര്‍മെന്റ് മാച്ചില്‍ ജോയ് ജെനേലയെ പരാജയപ്പെടുത്തി തന്റെ മഹോജ്വലമായ കരിയറിലെ അവസാന വിജയവും ആഘോഷിച്ച ശേഷമായിരുന്നു താരം റെസ്‌ലിങ് റിങ്ങിനോടും ആരാധകരോടും വിടപറഞ്ഞത്.
1985ല്‍ നോര്‍ത്ത് അമേരിക്കന്‍ ഇന്‍ഡിപെന്‍ഡഡ് സര്‍ക്യൂട്ടുകളില്‍ നിന്നും കരിയര്‍ ആരംഭിച്ച സാബു, എക്‌സ്ട്രീം ചാമ്പ്യന്‍ഷിപ്പ് റെസ് ലിങ് എന്ന ഇ.സി.ഡബ്ല്യൂവിലൂടെയാണ് ആരാധകര്‍ക്കിടയില്‍ പ്രശസ്തനായത്.
ഇ.സി.ഡബ്ല്യൂവിന്റെ ഹാര്‍ഡ്‌കോര്‍ വയലന്‍സ് പെര്‍സോണയ്ക്ക് എന്തുകൊണ്ടും ചേരുന്ന താരമായിരുന്നു സാബു. ബാര്‍ബ്ഡ് വയര്‍ മസാക്കര്‍ അടക്കമുള്ള എക്‌സ്ട്രീം മാച്ച് സ്റ്റിപ്പ്യുലേഷനുകളില്‍ സാബുവിന്റെ ഇന്‍ റിങ് വര്‍ക്കുകള്‍ ഏറെ ശ്രദ്ധയാര്‍ജിച്ചിരുന്നു.
ചോര ചിന്തുന്ന ഡെത്ത് മാച്ചുകളാണ് സാബുവിനെ ആരാധകര്‍ക്കിടയില്‍ പ്രശസ്തനാക്കിയത്.
ഹോമസൈഡല്‍, സൂസൈഡല്‍, ജെനസൈഡല്‍ എന്നീ വിശേഷണങ്ങള്‍ ഒന്നൊഴിയാതെ ചേരുന്ന സാബു മൂന്ന് തവണ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിരുന്നു. ഇ.സി.ഡബ്ല്യൂ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് രണ്ട് തവണയും എന്‍.ഡബ്ല്യൂ.എ (നാഷണല്‍ റെസ്‌ലിങ് അലയന്‍സ്) വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഒരു തവണയുമായി സാബു കൈവശം വെച്ചത്.
ലോകമെമ്പാടുമുള്ള പ്രോ റെസ്‌ലിങ് ആരാധകര്‍ സാബുവിന്റെ മരണത്തില്‍ അനുശോചനം അര്‍പ്പിക്കുന്നുണ്ട്. ആരാധകര്‍ മാത്രമല്ല, റെസ്‌ലിങ് കമ്മ്യൂണിറ്റിയും സാബുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.
‘എ.ഇ.ഡബ്ല്യൂവും റെസ്‌ലിങ് ലോകവും സാബുവിന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്നു. ബാര്‍ബ്ഡ് വയര്‍ ബാറ്റ്‌ലുകള്‍ മുതല്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഹൈ റിസ്‌ക് നിമിഷങ്ങള്‍ വരെ, സാബു പ്രൊഫഷണല്‍ റെസ്‌ലിങ്ങിനായി എല്ലാം നല്‍കിയിരുന്നു.
അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പമാണ് ഞങ്ങളും നിലകൊള്ളുന്നത്,’ എന്നാണ് ഓള്‍ എലീറ്റ് റെസ്‌ലിങ് തങ്ങളുടെ ഒഫീഷ്യല്‍ എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചത്.
‘സാബു എന്ന പേരില്‍ പ്രശസ്തനായ ടെറി ബ്രങ്ക് അന്തരിച്ചതായി അറിഞ്ഞതില്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ദുഃഖിതരാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുന്നു,’ ഡബ്ല്യൂ.ഡബ്ല്യൂ.ഇ കുറിച്ചു.
സാബുവിന്റെ അഭാവം റെസ്‌ലിങ് ലോകത്ത് നികത്താന്‍ സാധിക്കാത്ത വിടവായി തിര്‍ച്ചയായും അവശേഷിക്കും. പ്രൊഫഷണല്‍ റെസ് ലിങ്ങും സ്‌പോര്‍ട്‌സ് എന്റര്‍ടെന്‍മെന്റും ഉള്ളിടത്തോളം കാലം ഹാര്‍ഡ്‌കോര്‍ ലെജന്‍ഡിന്റെ ലെഗസിയും ചര്‍ച്ചയാകും.
Content Highlight: ECW Legend Sabu passed away