2026 ഫിഫ ലോകകപ്പിൽ കരുത്തരായ ജർമനിയെ വീഴ്ത്തി ഇക്വഡോർ. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീമിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ട നിന്നതിന് ശേഷമാണ് ഇക്വഡോർ വിജയിച്ചുകയറിയത്.
മത്സരത്തിൽ ആദ്യ വിസിൽ മുഴങ്ങി നിമിഷങ്ങൾക്കകം തന്നെ ജർമനി പന്ത് വലയിലെത്തിച്ചിരുന്നു. രണ്ടാം മിനിട്ടിൽ ലെറോയ് സനെനാണ് മുൻ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചത്. ഫ്ലോറിയൻ വിർട്സിന്റെ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോൾ നേട്ടം.
നിൽസൺ ആംഗുലോ. Photo: Premier League/x.com
എന്നാൽ, ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ ഇക്വഡോർ തിരിച്ചടിച്ചു. പെഡ്രോ വൈറ്റ് നൽകിയ പന്ത് നിൽസൺ ആംഗുലോ പിഴവുകൾ ഒന്നും വരുത്താതെ വലയിലെത്തിച്ചാണ് സമനില പിടിച്ചത്. ഒമ്പതാം മിനിട്ടിലാണ് സമനില ഗോൾ പിറന്നത്.
പിന്നീട് ഇരുടീമുകളും ലീഡ് നേടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. അതോടെ ഈ സ്കോർ ഒന്നാം പകുതി അവസാനിച്ചു. കളി പുനർരംഭിച്ചപ്പോളും ഇരുടീമുകളും മുന്നേറ്റങ്ങളുയമായി കുതിച്ചു.
48ാം മിനിട്ടിൽ ജർമനിക്ക് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും അത് വാർ പരിശോധനയിലൂടെ അസാധുവായി. ഏറെ വൈകാതെ ജർമനിയെ ഞെട്ടിച്ച് ഇക്വഡോർ പന്ത് വലയിലെത്തിച്ചു. ഗോൺസാലോ പ്ലാറ്റയാണ് ഗോൾ സ്‌കോറർ. കെവിൻ റോഡ്രിഗസ് അസിസ്റ്റ് നൽകിയ ഗോൾ പിറന്നത് 77ാം മിനിട്ടിലാണ്.
പിന്നാലെ, ജർമനി ഇക്വഡോറിന് ഒപ്പമെത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഫൈനൽ വിസിലെത്തിയതോടെ ഇക്വഡോർ മൂന്ന് പോയിന്റുകളും നേടി. ഇതോടെ ഇക്വഡോർ നോക്കൗട്ടിലെത്തി. പരാജയപ്പെട്ടെങ്കിലും ജർമനി ഗ്രൂപ്പ് ചാമ്പ്യന്മാരായി.
Content Highlight: Ecuador advanced into Round of 32 by defeating Germany in FIFA World Cup 2026