| Thursday, 21st February 2013, 12:36 pm

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആശങ്കാജനകം: രാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ആശങ്ക ജനകമെന്ന് രാഷ്ട്രപതി.  ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. []

ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം പ്രശ്‌നങ്ങള്‍  സൃഷ്ടിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കുറഞ്ഞ തോതില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങളുമായി സമവായമുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നുവരുന്നതായും രാഷ്ട്രപതി പ്രണബ്മുഖര്‍ജി അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീരോല്‍പ്പാദന രാജ്യമായി ഇന്ത്യമാറിയിട്ടുണ്ട്. ഭക്ഷ്യോത്പാദനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് കര്‍ഷകര്‍ക്ക് ഗുണം ചെയ്തതായും  അദ്ദേഹം പറഞ്ഞു.

സാമ്പത്തിക മേഖലയിലും, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് ജനങ്ങള്‍ വലിയ ആശങ്കയിലൂടെയാണ് കടന്നു പോകുന്നത്.
എന്നാല്‍ സ്ത്രീ സുരക്ഷയ്ക്കായി ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞ രണ്ടു വര്‍ഷം ഇന്ത്യയില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും  ഇത് ഏറെ സന്തോഷം നല്‍കുന്നു.

പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത്‌കോടി തൊഴിലവസരം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന്റെ നിങ്ങളുടെ പണം നിങ്ങളുടെ കൈയ്യില്‍ എന്ന പദ്ധതി വിജയകരമായിരുന്നു. ഇത് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്പെട്ടുവെന്നും ഇത് പ്രശംസാര്‍ഹമാണെന്നും രാഷ്ട്രപതി പറഞ്ഞു.

കേരളത്തിലെ ആറന്മുള വിമാന പദ്ധതിയ്ക്കും കണ്ണൂരിലെ വിമാനതാവളത്തിനും തത്വത്തില്‍ അനുമതി നല്‍കുന്നുവെന്നും, ഈ രണ്ടു പദ്ധതികളും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും പ്രണബ്മുഖര്‍ജി അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more