| Wednesday, 10th April 2019, 12:37 pm

നമോ ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നമോ ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോയെന്ന് പരിശോധിക്കാന്‍ ദല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കാലയളവില്‍ രൂപീകരിക്കുന്ന നിരീക്ഷക സമിതികള്‍ തെരഞ്ഞെടുപ്പ് പ്രചരണവും പരസ്യങ്ങളുമെല്ലാം നിരീക്ഷിക്കുന്നവയാണ്. പ്രധാനമായും മാധ്യമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതാണെന്ന് കാണിച്ച് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ പരാതികളെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള ആരോപണം.

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നമോ ടി.വി 24 മണിക്കൂറും പരിപാടികള്‍ സംപ്രേഷണംചെയ്യും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഒരു പാര്‍ട്ടിയ്ക്ക് സ്വന്തം ചാനല്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നത് ചട്ടലംഘനമാവുമെന്നും ആരാണ് ചാനലിന്റെ ഉള്ളടക്കം പരിശോധിക്കുകയെന്നും എ.എപി പരാതിയില്‍ പറഞ്ഞിരുന്നു. ചാനല്‍ തുടങ്ങാനായി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയെ സമീപിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും എ.എ.പി ചോദിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more