കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രദേശത്തെ ചെറിയകടയിൽ കയറി ലഘു ഭക്ഷണം കഴിച്ചത് തെരഞ്ഞെടുപ്പ് നാടകമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി.
കഴിഞ്ഞ ദിവസമായിരുന്നു മോദി ബംഗാളിലെ തനത് ലഘു ഭക്ഷണമായ ജാൽമുറി റോഡ് സൈഡിലെ കടയിൽ നിന്നും കഴിച്ചത്, ഇതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം.
‘ഇതെല്ലാം നാടകമാണ്, പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രി അപ്രതീക്ഷിതമായി കടയിൽ എത്തിയപ്പോൾ അവിടെ എങ്ങനെയാണ് ഒരു ക്യാമറ വന്നത്, ഇതെല്ലം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ്,’ മമത പറഞ്ഞു.
മോദിയുടെ പോക്കറ്റിൽ 10 രൂപ നോട്ട് ഇരിക്കുന്നതായി കണ്ടെന്നും ഇതിൽ വല്ല വിശ്വാസ്യതയുമുണ്ടോ എന്നും മമത ചോദിച്ചു.
ബിർഭും ജില്ലയിലെ മുറാറൈ നിയമസഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് ബംഗാൾ മുഖ്യമന്ത്രി മോദിയെ വിമർശിച്ചത്.
ഇന്നലെ (ഞായർ) യായിരുന്നു ഝാർഗ്രാമിലെ തൻ്റെ പ്രസംഗം അവസാനിപ്പിച്ച ശേഷം മോദി തൊട്ടടുത്ത ഒരു കടയിലേക്ക് കയറിച്ചെല്ലുകയും തനിക്ക് ജാൽമുറി തരാൻ കടക്കാരനോട് ആവശ്യപ്പെടുകയും ചെയ്തത്.
കടക്കാരനുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടുന്ന മോദിയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ബി.ജെ.പി അനുകൂല സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വലിയ ആഘോഷമാക്കിയ സാഹചര്യത്തിലാണ് മമതാ ബാനർജി മോദിക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പടുത്തിരിക്കുന്ന പശ്ചിമ ബംഗാളിൽ വലിയ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണ പ്രതിപക്ഷ പാർട്ടികൾ നടത്തിക്കൊണ്ടിരിക്കുന്നത്.
വനിതാബില്ലിനെ ബി.ജെ.പി തെരഞ്ഞെടുപ്പായുധമാക്കുമ്പോൾ എസ്.ഐ.ആർ ആണ് തൃണമൂൽ കോൺഗ്രസിന്റെ തുറുപ്പ്ചീട്ട്. കഴിഞ്ഞ ദിവസം തൃണമൂലിനല്ലാതെ മറ്റാർക്ക് നൽകുന്ന വോട്ടും ബി.ജെ.പിക്കുള്ള പിന്തുണയാണെന്നും തൃണമൂൽ നേതാവും പാർലമെന്റ് അംഗവുമായ അഭിഷേക് ബാനർജി പറഞ്ഞിരുന്നു.
Content Highlight: Eating jalmuri was just a drama; Mamata lashes out at Modi