| Wednesday, 2nd September 2026, 9:45 pm

'55 വര്‍ഷങ്ങള്‍ക്ക് ശേഷം കണക്കുതീര്‍ക്കാന്‍' കിഷനും സംഘവും; ചരിത്രം തുടരാനൊരുങ്ങി തിലക് വര്‍മ; ദുലീപ് ട്രോഫിയില്‍ ആവേശപ്പോര്

ശ്രീരാഗ് പാറക്കല്‍

55 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണും സൗത്ത് സോണും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. 1970-71 സീസണിലാണ് ഇരുടീമുകളും അവസാനമായി ദുലീപ് ട്രോഫിയുടെ കലാശപ്പോരില്‍ ഏറ്റുമുട്ടിയത്. അന്ന് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സൗത്ത് സോണ്‍ 10 വിക്കറ്റിന് വിജയിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.

അഞ്ചര പതിറ്റാണ്ടിന് ശേഷം അതേ പോരാട്ടം വീണ്ടും അരങ്ങേറുമ്പോള്‍ ഇത്തവണ വേദി ചെന്നൈയിലെ ചരിത്രപ്രസിദ്ധമായ എം.എ. ചിദംബരം സ്റ്റേഡിയമാണ്. സെപ്റ്റംബര്‍ ആറ് മുതല്‍ 10 വരെയാണ് 2026-27 സീസണിലെ ഫൈനല്‍.

ആദ്യം ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലായിരുന്നു ഫൈനല്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് സ്റ്റേഡിയത്തിലെത്തി മത്സരം നേരിട്ട് കാണാന്‍ അവസരം ഒരുക്കുന്നതിനായി ബി.സി.സി.ഐ ഫൈനല്‍ ചെപ്പോക്കിലേക്ക് മാറ്റുകയായിരുന്നു.

1970-71ലെ ഫൈനലില്‍ ഈസ്റ്റ് സോണ്‍ ആദ്യം ബാറ്റ് ചെയ്ത് 382 റണ്‍സെടുത്തു. മറുപടിയില്‍ സൗത്ത് സോണ്‍ 451 റണ്‍സ് നേടി 69 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ഈസ്റ്റ് സോണ്‍ 130 റണ്‍സിന് പുറത്തായതോടെ സൗത്ത് സോണിന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 62 റണ്‍സ് മാത്രമായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്ന സൗത്ത് സോണ്‍ അന്ന് കിരീടം ഉയര്‍ത്തി.

2026-27 സീസണില്‍ ഇരു ടീമുകളും മികച്ച പ്രകടനത്തോടെയാണ് ഫൈനലില്‍ എത്തിയത്. നിലവിലെ ചാമ്പ്യന്മാരായ സെന്‍ട്രല്‍ സോണിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഈസ്റ്റ് സോണ്‍ ഫൈനല്‍ ടിക്കറ്റ് എടുത്തത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഈസ്റ്റ് സോണ്‍ 124ന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് സമ്മര്‍ദത്തിലായെങ്കിലും ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ പുറത്താകാത്ത 39 റണ്‍സ് ടീമിന് നിര്‍ണായകമായി. മുഹമ്മദ് ഷമിയും മുകേഷ് കുമാറും ഉള്‍പ്പെട്ട ബൗളിങ് നിരയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

മറുവശത്ത് നോര്‍ത്ത് സോണിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൗത്ത് സോണ്‍ ഫൈനലില്‍ പ്രവേശിച്ചത്. ക്യാപ്റ്റന്‍ തിലക് വര്‍മയുടെ മികച്ച ബാറ്റിങ് പ്രകടനമാണ് ടീമിന്റെ വിജയത്തിന് കരുത്തായത്. ആദ്യ ഇന്നിങ്‌സില്‍ പുറത്താകാതെ 116 റണ്‍സ് നേടിയ തിലക്, വിജയകരമായ രണ്ടാം ഇന്നിങ്‌സ് ചേസില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. 181 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സൗത്ത് സോണ്‍ മറികടന്നു.

ഇഷാന്‍ കിഷന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് സോണും തിലക് വര്‍മ നയിക്കുന്ന സൗത്ത് സോണും തമ്മിലുള്ള ഫൈനലില്‍ ആരായിരിക്കും വിജയിക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 55 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗത്ത് സോണിനെതിരെ പരാജയപ്പെട്ടതിന്റെ കണക്ക് തീര്‍ക്കാന്‍ ഈസ്റ്റ് സോണിന് സാധിക്കുമോ, അതോ ചരിത്രം ആവര്‍ത്തിക്കുമോ എന്നറിയാന്‍ ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

Content Highlight: East Zone and South Zone are set to face each other again in the Duleep Trophy final after a gap of 55 years

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more