| Monday, 20th April 2026, 2:44 pm

ജപ്പാനില്‍ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ തിങ്കളാഴ്ച അനുഭവപ്പെട്ട 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയില്‍. തീരപ്രദേശങ്ങളില്‍ സുനാമി തിരമാലകള്‍ എത്തിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഭൂചലനത്തിന് പിന്നാലെ ഇവാട്ടെ പ്രിഫെക്ചറിലെ മിയാക്കോ തുറമുഖത്ത് ആദ്യ സുനാമി തിരമാലകള്‍ എത്തിയിട്ടുണ്ട്. ഏകദേശം 40 സെന്റീമീറ്റര്‍ ഉയരത്തിലാണ് ഇവിടെ തിരമാലകള്‍ എത്തിയത്.

പസഫിക് തീരങ്ങളായ ഹൊക്കൈഡോ, ഇവാട്ടെ എന്നിവിടങ്ങളില്‍ 3 മീറ്റര്‍ (10 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചേക്കാമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വടക്കന്‍ പ്രിഫെക്ചറായ അമോറിയുടെ തീരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ കടലില്‍ സുനാമി തിരമാലകള്‍ ദൃശ്യമായതായി ദേശീയ പ്രക്ഷേപകരായ എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു. ഇവാട്ടെ, ഹൊക്കൈഡോ, അമോറി, മിയാഗി, ഫുകുഷിമ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്.

സ്ഥിതിഗതികള്‍ ഗൗരവകരമാണെന്ന് വിലയിരുത്തിയ ജപ്പാന്‍ പ്രധാനമന്ത്രി സനായേ തകയ്ച്ചി, ജനങ്ങളോട് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഓരോ നിമിഷവും വിലപ്പെട്ടതാണ്, ഒട്ടും താമസം കൂടാതെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറൂ’ പ്രധാനമന്ത്രി പറഞ്ഞു.

തീരപ്രദേശങ്ങളില്‍ നിന്നും നദീമുഖങ്ങളില്‍ നിന്നും ജനങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു കഴിഞ്ഞു. മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത് വരെ ആരും താഴ്ന്ന പ്രദേശങ്ങളിലേക്ക് മടങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരമാലകള്‍ പ്രവചിച്ചതിലും നേരത്തെയോ വൈകിയോ എത്താമെന്നതിനാല്‍ അടിയന്തര സേവന വിഭാഗങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് ജപ്പാന്‍. പ്രതിവര്‍ഷം 1,500-ഓളം ഭൂചലനങ്ങള്‍ രാജ്യത്ത് ഉണ്ടാകാറുണ്ട്. ലോകത്തെ ആകെ ഭൂകമ്പങ്ങളുടെ 18 ശതമാനവും സംഭവിക്കുന്നത് ഇവിടെയാണ്.

ഭൂകമ്പങ്ങളെയും സുനാമികളെയും ശാസ്ത്രീയമായി നേരിടുന്നതില്‍ ജപ്പാന്‍ കൈവരിച്ച പുരോഗതിയാണ് ഇത്തരം വലിയ ചലനങ്ങളെയും കുറഞ്ഞ നാശനഷ്ടങ്ങളോടെ അതിജീവിക്കാന്‍ രാജ്യത്തെ സഹായിക്കുന്നത്.

നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭൂചലനത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

Earthquake off Japanese coast prompts tsunami warning for country’s north-east

We use cookies to give you the best possible experience. Learn more