| Monday, 11th August 2025, 7:51 am

തുർക്കിയിൽ വൻ ഭൂചലനം; ഒരാൾ മരിച്ചു 26 പേർക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബൂള്‍: വടക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. ഇസ്താംബൂളും വിനോദ സഞ്ചാര കേന്ദ്രമായ ഇസ്മിറും ഉള്‍പ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള നഗരങ്ങളിലാണ് ഭൂചലനം ഉണ്ടായത്.

ഞായറാഴ്ച രാത്രി നടന്ന ഭൂചലനത്തില്‍ പതിനാറ് കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തതിന് പിന്നാലെയാണ് 81 വയസുള്ള സ്ത്രീ മരിച്ചതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയതു.

ദുരിത ബാധിതരായ എല്ലാര്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ രക്ഷാപ്രവത്തനങ്ങള്‍ അവസാനിച്ചു. മറ്റ് ഗുരുതരമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

ഇതിന് മുമ്പും തുര്‍ക്കിയില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. മെയ് 15നും ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തുര്‍ക്കിയിലെ കുളുവിലെ 14 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂചലനം ഉണ്ടായത്. ഏപ്രില്‍ 23ന് സമാനരീതിയിൽ ഇസ്താംബൂളിലും ഭൂചലനം ഉണ്ടായി. അന്ന് 6.2 തീവ്രത രേഖപ്പെടുത്തി.

2023 ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പം വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വലിയ ഭൂകമ്പം സംഭവിച്ചിരുന്നു. തുര്‍ക്കിയിലെ 11 പ്രവിശ്യകളെ ബാധിച്ച ദുരന്തത്തില്‍ 53,000 ആളുകളാണ് മരണപ്പെട്ടത്.

സംഭവം നടന്ന് രണ്ട് വര്‍ഷത്തിലേറെയായിട്ടും ഇപ്പോഴും ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായി തുടരുകയാണ്.

Content Highlight: Earthquake hits Turkey; one dead, 26 injured

We use cookies to give you the best possible experience. Learn more