മോസ്‌കോ: റഷ്യയില്‍ 8.8 തീവ്രതയുള്ള വന്‍ ഭൂചലനം രേഖപ്പെടുത്തി. കാംചത്ക ഉപദ്വീപിന്റെ സമീപത്തായാണ് പ്രകമ്പനം ഉണ്ടായത്. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, 19.3 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.
ഇത് സുനാമിക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍. റഷ്യയുടെ കിഴക്കന്‍ പ്രദേശമായ പെട്രോപാവ്ലോവ്സ്‌ക്-കാംചാറ്റ്സ്‌കിയില്‍ നിന്ന് 136 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചനലം രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.33ന് റഷ്യയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഭൂകമ്പം രേഖപ്പെടുത്തുന്നത്.
സുനാമി കണക്കിലെടുത്ത് കാംചത്ക മേഖലയില്‍ നിന്ന് മാറി നില്‍ക്കാന്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്ളാഡിമിര്‍ സോളോഡോവ് പറഞ്ഞു. ജനസാന്ദ്രത കുറഞ്ഞ പ്രദേശം കൂടിയാണ് കാംചത്ക. എന്നാല്‍ ഈ മേഖലയ്ക്ക് ചുറ്റുമായി ഒന്നിലധികം അഗ്‌നിപര്‍വതങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഇത് കൂടുതല്‍ പ്രകമ്പനങ്ങള്‍ക്ക് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുനാമി മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കാംചത്കയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്ന് സഖാലിൻ ഗവര്‍ണര്‍ വലേരി ലിമറെങ്കോ പറഞ്ഞു.
സി.എന്‍.എന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, വലിയ തോതിലുള്ള നാശനഷ്ടങ്ങളൊന്നും തന്നെ റഷ്യയില്‍ ഉണ്ടായിട്ടില്ല. അതേസമയം റഷ്യയില്‍ ഭൂചലനം രേഖപ്പെടുത്തിയതോടെ ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ജപ്പാനില്‍ വരും മണിക്കൂറുകളില്‍ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയാതായി ജപ്പാനിലെ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ എന്‍.എച്ച്.കെ അറിയിച്ചു. ആദ്യഘട്ടത്തിലുണ്ടാകുന്ന ഇത്തരം തിരമാലകള്‍ സുനാമി തരംഗങ്ങള്‍ക്ക് കാരണമാകുമെന്ന് പസഫിക് സുനാമി കേന്ദ്രവും മുന്നറിയിപ്പ് നല്‍കി.
ഹവായ്‌യിലും സുനാമി മുന്നറിയിപ്പുണ്ട്. വിനാശകരമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും ജാഗ്രതയുണ്ടാകണമെന്നും ഹവായ് കൗണ്ടി സിവില്‍ ഡിഫന്‍സ് ഏജന്‍സി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Massive earthquake hits Russia; Tsunami warning issued for US and Japan