നളന്ദ: ബീഹാറിലെ നളന്ദയിലെ ഭട്ടപ്പാര്‍ ഗ്രാമത്തില്‍ വെച്ച് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ വസ്ത്രക്കച്ചവടക്കാരന്‍ കൊല്ലപ്പെട്ടു. ഗഗന്‍ ദിവാന്‍ ഗ്രമവാസിയായ മുഹമ്മദ് അത്തര്‍ ഹുസൈനാ(50)ണ് കൊല്ലപ്പെട്ടത്. പവാപുരി വിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.
കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുള്‍പ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈക്കിളില്‍ വസ്ത്രങ്ങള്‍ കൊണ്ടുനടന്ന് വില്‍ക്കുന്നയാളായിരുന്നു അത്തര്‍ ഹുസൈന്‍.
ബറൂയി ഗ്രാമത്തിലെ ബന്ധു വീട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആള്‍ക്കൂട്ട മര്‍ദനത്തിനും കൊള്ളയടിക്കും ഇരയായതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് ഷാക്കിബ് ആലം പറഞ്ഞു.
റോഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭട്ടപ്പാറിലെത്തിയപ്പോള്‍ അത്തര്‍ ഹുസൈന്റെ സൈക്കിള്‍ പഞ്ചറായിരുന്നു. തുടര്‍ന്ന് സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് അന്വേഷിച്ചിറങ്ങിയപ്പോഴാണ് ആക്രമണം നേരിട്ടത്.
സമീപത്തുള്ള പഞ്ചര്‍ ഷോപ്പിനെ കുറിച്ച് സമീപത്തുണ്ടായിരുന്ന കുറച്ചാളുകളോട് അദ്ദേഹം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ അത്തര്‍ ഹുസൈന്റെ പേരും തൊഴിലും ചോദിച്ചറിഞ്ഞു.
പേര് പറഞ്ഞതോടെ അക്രമാസക്തരായ ആള്‍ക്കൂട്ടം അദ്ദേഹത്തോട് ആക്രോശിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ചെവി മുറിച്ചും ചൂടാക്കിയ ഇരുമ്പ് ദണഅഡ് ഉപയോഗിച്ച് ശരീരത്തിലെ തൊലി പൊള്ളിച്ച് അടര്‍ത്തുകയും ചെയ്തു. കൈവശമുണ്ടായിരുന്ന 18,000 രൂപ അക്രമികള്‍ കൊള്ളയടിച്ചെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മുഹമ്മദ് അത്തര്‍ ഹുസൈന്റെ ഭാര്യ ശബ്‌നം പര്‍വീണ്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു Photo: ABPlive/x.com
കയ്യും കാലും കെട്ടിയിട്ട് ഇഷ്ടികകളും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദനം. വിരലുകളും കൈകളും തകര്‍ത്തു. ചെവിയും വിരലിന്റെ അറ്റവും പ്ലയറുകള്‍ ഉപയോഗിച്ച് മുറിച്ചു. സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കാനെന്ന് പറഞ്ഞ് നഗ്നനാക്കി.
തുടര്‍ന്നാണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശരീരത്തില്‍ മുദ്ര കുത്തുകയും തോലടര്‍ത്തുകയും ചെയ്തതെന്നും അത്തര്‍ ഹുസൈന്റെ മരണ മൊഴിയില്‍ പറയുന്നു.
ഡിസംബര്‍ പത്തിന് അദ്ദേഹത്തിന്റെ ഭാര്യ ശബ്‌നം പര്‍വീണ്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭട്ടപ്പാര്‍ ഗ്രാമവാസികളായ 10 പേരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇനിയും പത്ത് പേരെ കൂടി തിരിച്ചറിയാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
വ്യാജ മോഷണക്കുറ്റം ചുമത്തിയാണ് ഗ്രാമവാസികള്‍ അത്തര്‍ ഹുസൈനെ മര്‍ദിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു. സഹോദരി ഭര്‍ത്താവിനൊപ്പം ഭട്ടര്‍പ്പാറിലെത്തിയപ്പോള്‍ ഗ്രാമവാസികള്‍ തങ്ങളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ശബ്‌നം പൊലീസിനെ അറിയിച്ചു.
കേസില്‍ നിയവിരുദ്ധമായ ഒത്തുചേരല്‍, കലാപം, ആള്‍ക്കൂട്ട മര്‍ദ്ദനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഹുസൈന് മര്‍ദനമേറ്റ ദിവസം രാത്രി മോഷണക്കുറ്റം ആരോപിച്ച് ഭട്ടപ്പാര്‍ ഗ്രാമവാസിയായ സിക്കന്ദര്‍ യാദവ് എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി 10.15 മുതല്‍ പുലര്‍ച്ചെ വരെ ഹുസൈന്‍ മര്‍ദനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഹുസൈനെ ആദ്യം റോഹ് പി.എച്ച്.സിയിലും പിന്നീട് നവാദ സദര്‍ ആശുപത്രിയിലും പിന്നീട് പവാപുരിയിലെ വിംസിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എസ്.ഡി.പി.ഒ സദറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെ പിടികൂടിയെന്ന് നവാദ എസ്.പി അഭിനവ് ധിമാന്‍ പറഞ്ഞു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും എസ്.പി അറിയിച്ചു.
Content Highlight: Ears cut off, broke hands; Mob lynch in Bihar Nalanda Bhattapar