ന്യൂദല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് നിര്‍ണായക മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടാവുന്ന രീതിയില്‍ മൊബൈല്‍ ഫോണുകള്‍ സ്പീക്കറിലിട്ട് പാട്ടുകള്‍ കേള്‍ക്കുന്നതും വീഡിയോകള്‍ കാണുന്നതും ഇനി മുതല്‍ കടുത്ത ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കും.
ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും മൊബൈല്‍ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ പുതിയ സര്‍ക്കുലറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഫോണുകള്‍ ലൗഡ്സ്പീക്കറിലിട്ട് ഓഡിയോ/വീഡിയോ പ്ലേ ചെയ്യുന്നതും, ഉച്ചത്തിലുള്ള ഫോണ്‍ സംഭാഷണങ്ങളും പൂര്‍ണമായും നിരോധിച്ചു. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 1,000 രൂപ പിഴ ഈടാക്കുകയും റെയില്‍വേ പരിസരത്ത് നിന്ന് പുറത്താക്കുകയും ചെയ്യാം.
ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ച് കുറ്റം ആവര്‍ത്തിച്ചാല്‍ ജന്‍ വിശ്വാസ് നിയമപ്രകാരം ഭേദഗതി ചെയ്ത റെയില്‍വേ ആക്ട് സെക്ഷന്‍ 145 അനുസരിച്ച് 5,000 രൂപ വരെ പിഴയോ ആറ് മാസം വരെ തടവോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
യാത്രക്കാരെ ബോധവത്ക്കരിക്കുന്നതിനായി റെയില്‍വേ സ്റ്റേഷനുകളില്‍ നോട്ടീസുകള്‍ പതിക്കാനും പബ്ലിക് അഡ്രസ് സിസ്റ്റം വഴി മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ നിരന്തരം അനൗണ്‍സ്മെന്റുകള്‍ നടത്താനും റെയില്‍വേ ഡിവിഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മറ്റ് യാത്രക്കാരുടെ സ്വകാര്യതയും യാത്രാസൗകര്യവും മാനിച്ചുകൊണ്ട് നിര്‍ബന്ധമായും ഇയര്‍ഫോണുകള്‍ ഉപയോഗിക്കണമെന്നും ഫോണ്‍ കോളുകള്‍ ചെയ്യുമ്പോള്‍ ശബ്ദം കുറച്ച് സംസാരിക്കണമെന്നും റെയില്‍വേ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
Content Highlight: Earphones mandatory, or else you might face trouble; Railways issues warning to train passengers.