ഏകദിന പരമ്പരയില്‍ ആതിഥേയരെ ഞെട്ടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യയ്‌ക്കെതിരായ ടി-20 പരമ്പരയ്ക്കിറങ്ങുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ലോകകപ്പിന് തൊട്ടുമുമ്പ് ഇരുവരും കളിക്കുക.
പരമ്പരയിലെ ആദ്യ മത്സരത്തിന് നാഗ്പൂരാണ് വേദിയാകുന്നത്. ഈ മണ്ണില്‍ ഇരുവരും നേരത്തെയേറ്റുമുട്ടിയപ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. 2016ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ടി-20 ലോകകപ്പിലായിരുന്നു ഈ മത്സരം അരങ്ങേറിയത്.
ഇന്ത്യയെ തങ്ങളുടെ ഏറ്റവും മോശം രണ്ടാമത് ടോട്ടലിലേക്ക് തള്ളിയിട്ടാണ് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയത്. 127 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ വെറും 79 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 42 പന്തില്‍ 34 റണ്‍സ് നേടിയ കോറി ആന്‍ഡേഴ്‌സണായിരുന്നു ടോപ്പ് സ്‌കോറര്‍.
കോറി ആന്‍ഡേഴ്‌സണ്‍ മത്സരത്തിനിടെ. Photo: ESPN CricInfo
ജസ്പ്രീത് ബുംറയുടെയും സുരേഷ് റെയ്‌നയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ കിവികളെ കുഞ്ഞന്‍ സ്‌കോറിലൊതുക്കിയത്.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യ
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പാളിയിരുന്നു. ഓപ്പണര്‍മാര്‍ രണ്ട് പേരടക്കം ഏഴ് പേരാണ് ഇന്ത്യന്‍ നിരയില്‍ ഒറ്റയക്കത്തിന് പുറത്തായത്.
30 പന്തില്‍ 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ എം.എസ്. ധോണിയായിരുന്നു ടോപ്പ് സ്‌കോറര്‍. വിരാട് കോഹ്‌ലി (27 പന്തില്‍ 23), ആര്‍. അശ്വിന്‍ (20 പന്തില്‍ പത്ത്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ഒടുവില്‍ ഇന്ത്യ 18.1 ഓവറില്‍ 79ന് പുറത്തായി.
നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയുടെ നടുവൊടിച്ചത്. ഇഷ് സോധി മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ നഥാന്‍ മക്കെല്ലം രണ്ട് വിക്കറ്റും ആദം മില്‍നെ ഒരു വിക്കറ്റും സ്വന്തമാക്കി.
മിച്ചല്‍ സാന്റ്‌നര്‍
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മോശം രണ്ടാമത് സ്‌കോറും സ്വന്തം മണ്ണിലെ ഏറ്റവും മോശം സ്‌കോറുമാണ് നാഗ്പൂരില്‍ അന്ന് പിറവിയെടുത്തത്. ഇന്നും ഈ റെക്കോഡുകള്‍ ഈ സ്‌കോറിന് തന്നെയാണ്.
2016 ലോകകപ്പിന് ശേഷം ഒരുപാട് വസന്തവും ശിശിരവും വന്നുപോയി. ഇന്ത്യന്‍ ടീമും പാടെ മാറി. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തുക എന്നത് ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് ഏറെ പ്രയാസമായിക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമടക്കം മത്സരത്തിന്റെ സമസ്തമേഖലയിലും ഇന്ത്യന്‍ താരങ്ങള്‍ പുലര്‍ത്തുന്ന ഫോം തന്നെയാണ് ഇതിന് കാരണവും.
രാത്രി ഏഴ് മണിക്ക് നാഗ്പൂരില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും വീണ്ടുമിറങ്ങുമ്പോള്‍ പോരാട്ടം തീ പാറുമെന്നുറപ്പാണ്.
ന്യൂസിലന്‍ഡ് സ്‌ക്വാഡ്
മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, സാക്ക് ഫോള്‍കസ്, മാറ്റ് ഹെന്‌റി, കൈല്‍ ജാമിസണ്‍, ബെവോണ്‍ ജേക്കബ്സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, ടിം റോബിന്‍സണ്‍, ഇഷ് സോധി, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് (ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് മാത്രം).
ഇന്ത്യ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് ടി-20), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍), റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌ണോയ്.
Content Highlight: Earlier, when India and New Zealand played in Nagpur, India suffered a huge defeat.