| Friday, 26th September 2025, 11:34 am

വ്യക്തമായ ഇരട്ടത്താപ്പ്; ഒടുവില്‍ ജയശങ്കറിനും പറയേണ്ടി വന്നു; ഇന്ത്യക്കെതിരായ ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് എസ്. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമേരിക്കയുടെ ഇന്ത്യക്കെതിരായ വിമര്‍ശനങ്ങള്‍ ഇരട്ടത്താപ്പെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.

റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ച വിമര്‍ശനത്തിനായിരുന്നു ജയശങ്കറിന്റെ പരോക്ഷ മറുപടി. യു.എന്‍ ജി 20യില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈനിലും ഗസയിലും നടക്കുന്ന സംഘര്‍ഷം ലോകരാജ്യങ്ങള്‍ക്കിടയില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. സാമ്പത്തിക സുരക്ഷ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഭീകരതയെ ചെറുക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്.

ഊര്‍ജവിതരണവുമായി ബന്ധപ്പെട്ട ചിലരുടെ ‘ഇരട്ടത്താപ്പിനെ’ തിരിച്ചറിയേണ്ടതുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.

എണ്ണ വിതരണങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള സേവനങ്ങളും അപകടത്തിലാക്കുന്നെന്ന് മാത്രമല്ല ഇത്തരം കാര്യങ്ങള്‍ രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ചില പോയിന്റുകളായി മാറിയെന്നും ഇതിലെ ഇരട്ടത്താപ്പ് പ്രകടമാണെന്നുമായിരുന്നു ജയശങ്കര്‍ പറഞ്ഞത്.

ജി 20 അംഗങ്ങള്‍ എന്ന നിലയില്‍, സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും ബന്ധം ശക്തിപ്പെടുത്താനും തീവ്രവാദത്തെ ചെറുക്കാനും ഊര്‍ജ്ജ സാമ്പത്തിക ആവശ്യകത മനസ്സിലാക്കാനും രാജ്യങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ എസ്. ജയശങ്കര്‍ സംസാരിക്കുന്നു

സമാധാനം വികസനം സാധ്യമാക്കുമ്പോള്‍, ആ വികസനത്തെ ഭീഷണിപ്പെടുത്തുകയാണെന്നും ഇങ്ങനെയാണെങ്കില്‍ സമാധാനം സാധ്യമാകില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയില്‍ ഊര്‍ജ്ജവും മറ്റ് അവശ്യവസ്തുക്കളും കൂടുതല്‍ അനിശ്ചിതത്വത്തിലാക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിനുപകരം സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും നീങ്ങാന്‍ രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതൊരു സംഘട്ടനത്തിലും, ഇരുവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താന്‍ കഴിവുള്ള ചുരുക്കം ചില രാജ്യങ്ങള്‍ക്ക് സമാധാനം കൈവരിക്കുന്നതിലും നിലനിര്‍ത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നും ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി.

ഭീകരത എന്നത് വികസനത്തിന് ഒരു ‘നിരന്തര ഭീഷണി’യായി തുടരുകയാണ്. ലോകം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ സഹിഷ്ണുത കാണിക്കരുത്. അവരെ പിന്തുണയ്ക്കരുത്. തീവ്രവാദികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അന്താരാഷ്ട്ര സമൂഹത്തിന് സേവനമാണ് നല്‍കുന്നത്.

അന്താരാഷ്ട്ര സമാധാനവും ആഗോള വികസനവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. എന്നാല്‍ സമീപകാലത്ത് രണ്ടും സമാന്തരമായി വഷളായിക്കൊണ്ടിരിക്കുകയാണ്. സമാധാനത്തിന് എന്നും തടസ്സം സൃഷ്ടിക്കുന്ന ഭീകരത വികസനത്തിന് ഒരു സ്ഥിരം ഭീഷണിയാണെന്നും ജയശങ്കര്‍ പറഞ്ഞു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് വഴി ഉക്രൈനെതിരായ യുദ്ധത്തിന് സഹായം ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണെന്നായിരുന്നു അടുത്തിടെ ട്രംപ് വിമര്‍ശിച്ചത്.

ഇന്ത്യക്കെതിരായ താരിഫ് 50 ശതമാനമാക്കി ഉയര്‍ത്തിയും എച്ച് 1 ബി വിസയുടെ വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയും ഇന്ത്യയ്‌ക്കെതിരായ നടപടികള്‍ ട്രംപ് ശക്തമാക്കിയിരുന്നു.

ഇന്നലെ (വ്യാഴാഴ്ച) അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം തീരുവയാണ് ട്രംപ് ഏര്‍പ്പെടുത്തിയത്. ഇതും ഇന്ത്യയെ നേരിട്ടുബാധിക്കുന്നതാണ്.

2024-25 ല്‍ ഇന്ത്യയുടെ മൊത്തം ആഗോള മരുന്നുകയറ്റുമതി 30 ബില്യണ്‍ ഡോളറിലധികമായിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ വിപണി കൂടയാണ് യു.എസ്. 2024 ല്‍ മാത്രം ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയുടെ 31 ശതമാനവും പോയത് അമേരിക്കയിലേക്കാണ്. 2024 ല്‍ മാത്രം ഇന്ത്യ 3.6 ബില്യണ്‍ ഡോളറിന്റെ മരുന്നുകള്‍ ഇന്ത്യ യു.എസിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.

Content Highlight: EAM S Jaishankar Slams US Double Standards At UNGA, Amid Trump’s Russian Oil Threat

We use cookies to give you the best possible experience. Learn more