| Wednesday, 7th January 2026, 3:31 pm

മലകളുടെ പല്‍ചക്രം പോലെ പിണഞ്ഞു കിടക്കുന്ന കുര്യച്ചന്‍; എക്കോയിലെ ഓരോ കഥാപാത്രങ്ങളായി കുരുക്കഴിക്കുമ്പോള്‍

അശ്വിന്‍ രാജേന്ദ്രന്‍

കണ്ടു തീര്‍ത്തവര്‍ ഓരോരുത്തരും നിറഞ്ഞ മനസുകൊണ്ട് കൈയ്യടിച്ച ചിത്രമാണ് ബാഹുല്‍ രമേശ്-ദിന്‍ജിത്ത് അയ്യത്താന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കോ. കണ്ടു പരിചയിച്ചിട്ടില്ലാത്ത കഥാപരിസരവും കാലഘട്ടവും കഥാപാത്രങ്ങളും കൈകാര്യം ചെയ്യുന്ന എക്കോ പ്രേക്ഷകര്‍ക്ക് ഏറെ ചിന്തിക്കാനുള്ള ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് അവസാനിക്കുന്നത്.

തുടക്കം മുതല്‍ ഒടുക്കം വരെ ചിത്രത്തെ കൊണ്ടുപോകുന്നത് കുറഞ്ഞ ഭാഗങ്ങളില്‍ മാത്രം വന്നു പോകുന്ന കുര്യച്ചനും മറ്റ് കഥാപാത്രങ്ങള്‍ക്ക് കുര്യച്ചന്‍ ആരാണെന്ന ചോദ്യവുമാണ്. മലേഷ്യയിലെ യോസിയാനോയുടെ വീട്ടില്‍ വെച്ച് നടക്കുന്ന രംഗങ്ങളിലും അവസാനമായി ഒളിവില്‍ പോകുന്നതിന് മുമ്പുമുള്ള സീനിലുമാണ് എക്കോയില്‍ കുര്യച്ചന്‍ പ്രത്യക്ഷപ്പെടുന്നത്.

മ്ലാത്തിച്ചേട്ടത്തി. Photo: Moviedelic

എന്നാല്‍ സൗരഭ് സച്ച്‌ദേവ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ക്രൂരതകളുടെ തീവ്രത വെളിവാകുന്നത് കുര്യച്ചനെ അന്വേഷിച്ച് വരുന്നവരുടെ വിവരണത്തില്‍ നിന്നുമാണ്. നരേന്‍ അവതരിപ്പിച്ച നേവിക്കാരനും വിനീത് അവതരിപ്പിച്ച മോഹന്‍ പോത്തനും തങ്ങളുടെ വിവരണത്തിലൂടെ കുര്യച്ചന്‍ എന്ന കഥാപാത്രത്തിന്റെ ആഴം വെളിവാക്കുന്നു.

മോഹന്‍ പോത്തന്റെ കഥാപാത്രം കേസിലകപ്പെട്ട് ജയിലില്‍ പോകുന്നതിന് മുമ്പ് കുര്യച്ചനെ അന്വേഷിച്ച് കുന്നിന്‍ മുകളിലുള്ള വീട്ടിലേക്ക് വരുന്നുണ്ട്. പരവേശത്തോടെ വീടെല്ലാം തെരയുന്ന പോത്തന്‍ കുര്യച്ചനെ കിട്ടാത്ത ദേഷ്യത്തില്‍ മ്ലാത്തിച്ചേട്ടത്തിയോട് മലേഷ്യയില്‍ വെച്ചുണ്ടായ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞാണ് വീട് വിട്ടു പോകുന്നത്.

‘മനുഷ്യരെ കൊന്നാലും വേണ്ടില്ല നായിക്കളെ തൊടരുത് എന്ന് ചിന്തിക്കുന്ന ടൈപ്പ് ആണ് കുര്യച്ചന്‍. അയാള്‍ അതുങ്ങളേം വെടി വെച്ച് കൊന്ന് അത്രയൊക്കെ കാണിച്ച് കൂട്ടിയത് നിന്നോടുള്ള കഴപ്പ് കൊണ്ട് മാത്രമൊന്നുമല്ല, പ്രൊട്ടക്ഷന്‍ എന്ന് പറഞ്ഞ് നായിക്കളേം വെച്ച് കൊണ്ട് നിന്റെ മലേഷ്യന്‍ കെട്ടിയോന്‍ കാണിച്ച ഷോയോടുള്ള വാശിയാണ്…’

ഇത്രയും പറയുന്നിടത്ത് നാടും വീടും ഉപേക്ഷിച്ച് കുര്യച്ചനൊപ്പം ഇറങ്ങിവന്ന മ്ലാത്തിച്ചേട്ടത്തിക്ക് താന്‍ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാവുന്നു. പോത്തന്‍ വന്നു പോയതിനു ശേഷം വീട്ടിലെത്തുന്ന കുര്യച്ചനോട് ഈ കാര്യം ചോദിക്കുമ്പോള്‍ ഞെട്ടുന്നതും ജീവപര്യന്തം താന്‍ നിങ്ങളുടെ തടവില്‍ കഴിഞ്ഞുവെന്നും പറയുന്ന മ്ലാത്തി ചേട്ടത്തിയെയും കാണാം.

മലേഷ്യയില്‍ നടക്കുന്ന രംഗത്തിന് ശേഷം കുര്യച്ചന്‍ എന്ന കഥാപാത്രത്തിന് ലഭിക്കുന്ന ജസ്റ്റിഫിക്കേഷനാണ് ഈയൊരൊറ്റ സീനിലൂടെ വിനീതിന്റെ കഥാപാത്രം ഇല്ലാതാക്കുന്നത്. വിനീത് എന്ന അനുഭവ സമ്പന്നനായ നടന്റെ എല്ലാ കഴിവുകളും ഈ സീനില്‍ പ്രകടമാണ്. ബാഹുല്‍ രമേശിന്റെ സംഭാഷണവും വിനീതിന്റെ സൗണ്ട് മോഡുലേഷനും പ്രേക്ഷകനിലുണ്ടായ കുര്യച്ചന്‍ എന്ന ധാരണ തകര്‍ക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Photo: Latesly

ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ പെരുമഴയത്തും തണുപ്പിലും വീടിന് പുറത്ത് തോണിയില്‍ കാത്തിരുന്നത് യോസിയാനോയുടെ വിധവയായ സോയിയെ (മ്ലാത്തി) കാത്തിട്ടല്ലായിരുന്നുവെന്നും തന്റെ ഉള്ളിലെ തന്നെ ഈഗോയോടുള്ള വാശിപ്പുറത്താണെന്നും അറിയുന്ന നിമിഷം കുര്യച്ചന്‍ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുന്നതിനുള്ള മറ്റ് കഥാപാത്രങ്ങളുടെ യാത്രയില്‍ പ്രേക്ഷകരും പങ്കു ചേരുന്നുണ്ട്.

തിയേറ്ററിലെ മികച്ച പ്രകടനത്തിന് ശേഷം ഒ.ടി.ടി റിലീസായ ചിത്രത്തിന് മികച്ച സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയിലെ എഴുതാപ്പുറങ്ങളും കഥാപാത്രങ്ങളുടെ പ്രകടനവും കലാസംയോജനവും വലിയ രീതിയില്‍ പ്രക്ഷകര്‍ ചര്‍ച്ചയാക്കുന്നുണ്ട്.

Content Highlight: Each characters in Eko movie reveals the real identity of kuricahan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more