നാഗ്പൂര്‍: ഇ-20 ഇന്ധനത്തെക്കുറിച്ച് വീഡിയോ ചെയ്ത നാല് ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്കെതിരെ കേസ്. ബി.ജെ.പി നാഗ്പൂര്‍ സിറ്റി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറുടെ പരാതിയിലാണ് നടപടി. പ്രശസ്ത യൂട്യൂബര്‍ മനീഷ് കശ്യപ് അടക്കുള്ളവര്‍ക്കെതിരെയാണ് നാഗ്പൂര്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രതിച്ഛായയെ താറടിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് ബി.ജെ.പി നാഗ്പൂര്‍ സിറ്റി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ശിശിര്‍ അരുണ്‍ ത്രിപാഠിയുടെ പരാതിയില്‍ ആരോപിക്കുന്നത്. ഇ-20 പെട്രോളിനെക്കുറിച്ച് ഇവര്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ-20 ഇന്ധനത്തെക്കുറിച്ച് ഈ യൂട്യൂബര്‍മാര്‍ വീഡിയോ ചെയ്യുകയും അവ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിശിര്‍ ത്രിപാഠിയുടെ പരാതിയും പൊലീസ് കേസും. ഒരു അടിസ്ഥാനവുമില്ലാതെ ഇ-20 വിഷയത്തിലേക്ക് ഗഡ്കരിയെ വലിച്ചിഴച്ച് അദ്ദേത്തിന്റെ പ്രതിച്ഛായയെ താറടിക്കാനാണ് യൂട്യൂബര്‍മാര്‍ ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
ബിഹാറില്‍ നിന്നുള്ള യൂട്യൂബറാണ് മനീഷ് കശ്യപ്. രാഷ്ട്രീയ സമകാലിക വിഷയങ്ങളിലുള്ള വീഡിയോകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന മനീഷ് കശ്യപ് കഴിഞ്ഞ വര്‍ഷം പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
കശ്യപിനെ കൂടാതെ ദേശി ബോയ്‌സ് എന്‍.സി.ആര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിനും ഹര്‍ഷിത് റാഠി, അങ്ക്‌ലേഷ് തിവാരി എന്നീ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്കും എതിരാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തത്. ശിശിര്‍ അരുണ്‍ ത്രിപാഠിയുടെ പരാതി പ്രകാരം ബി.എന്‍.എസ് 352, 356, 296 വകുപ്പുകള്‍ പ്രകാരവും ഐ.ടി ആക്ട് 67-ാം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസെടുത്തത്.
ഇ-20 പെട്രോളിനെക്കുറിച്ച് ഈ മാസം മൂന്നിന് കശ്യപ് ഒരു വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇ-20 പെട്രോള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം തന്റെ ടൊയൊട്ട ഇന്നോവ ഹൈക്രോസില്‍ പ്രശ്‌നങ്ങളുണ്ടാവാന്‍ തുടങ്ങിയെന്നാണ് ഈ വീഡിയോയില്‍ പറയുന്നത്.
മറ്റ് മൂന്ന് ഇന്‍ഫ്‌ളൂവന്‍സര്‍മാരും സമാനമായ വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഇവയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ചിലതില്‍ മോശമായ ഭാഷയുമാണ് ഉപയോഗിച്ചതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
ഇ20 വിഷയത്തില്‍ രാജ്യത്ത് വിവാദം തുടരുന്നതിനിടെയാണ് ഇപ്പോള്‍ ഇന്‍ഫ്‌ളൂവന്‍സര്‍മാരുടെ അറസ്റ്റ്.
ഇ-20 ഇന്ധനത്തിനെതിരേയുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണെന്ന നിലപാടാണ് നിതിന്‍ ഗഡ്കരി ആദ്യ ഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇ-20 പെട്രോള്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ കുറയ്ക്കുമെന്ന് പിന്നീട് മന്ത്രി പറഞ്ഞിരുന്നു. ഇ-20 പെട്രോള്‍ വാഹനങ്ങളുടെ എന്‍ജിനും മറ്റു ഘടകഭാഗങ്ങളും തകരാറിലാക്കുമെന്ന വാദം തള്ളുകയും ചെയ്തു.
Content Highlight: E20 Row- Police Registered FIR against 4 Influencer on Petition by BJP IT Cell Convenor