| Tuesday, 1st March 2011, 9:33 pm

മൊയ്തു മൗലവി ദേശീയ മ്യൂസിയം തുറന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വാതന്ത്ര്യ സമര സേനാനി ഇ മൊയ്തു മൗലവിയുടെ സ്മരണക്കായി നിര്‍മ്മിച്ച ദേശീയ മ്യൂസിയം കോഴിക്കോട് തുറന്നു. സ്വാതന്ത്ര്യസമര ചരിത്രം കുറെ കഴിയുമ്പോള്‍ ഇളം തലമുറ മറക്കാനിടയുണ്ടെന്ന് മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തുകൊണ്ട് പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു.

പൊതുവെ നമ്മുടെ ഓര്‍മകള്‍ക്ക് അല്‍പായുസാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചവര്‍ നമ്മുടെ അല്‍പായുസുള്ള ഓര്‍മ്മകളില്‍ മുങ്ങിപ്പോകരുത്. ഈ രീതിയില്‍ അല്‍പായുസായ ഓര്‍മകള്‍ക്കുപകരം എക്കാലത്തും ഓര്‍മകള്‍ ഉണര്‍ത്തുവാനാണ് മ്യൂസിയങ്ങള്‍. മൊയ്തു മൗലവിയുടെ മ്യൂസിയംകൊണ്ട് കേരളത്തിലെ, മലബാറിലെ ചില ധീരമായ ചെറുത്തു നില്‍പുകള്‍ വ്യക്തമാക്കാന്‍ കഴിയും ഒരു പ്രദേശത്തിന്റെ പൂര്‍വ്വകാല ചരിത്രം രേഖപ്പെടുത്തുവാന്‍ മ്യൂസിയങ്ങള്‍ക്കേ കഴിയൂ. പഴയകാലങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ അതുമായി ബന്ധപ്പെട്ട ഉപാധികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മലബാറിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അധികരേഖകളൊന്നുമില്ല. അതുകൊണ്ടുതന്നെ മൊയ്തു മൗലവി നിലകൊണ്ട പ്രസ്ഥാനവുമായി ബന്ധപ്പെട്ട സ്മാരകം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മ്യൂസിയങ്ങള്‍ പണിതീരുന്നില്ല. പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് അതു വിപുലീകരിക്കുകയാണ് പതിവ്. നൂറ്റാണ്ടിന്റെ സാക്ഷിയായ മൗലവി ഈ നൂറ്റാണ്ടിന്റെ അലയൊലികളും വികാസപരിണാമങ്ങളും ശ്രദ്ധിച്ചതുകൊണ്ടുതന്നെ ഇതിന്റെ പ്രാധാന്യം ഇരട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മ്യൂസിയത്തില്‍ മൊയ്തു മൗലവിയുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നാല് ഭാഗങ്ങളിലായി ഫോട്ടോകളുണ്ട്. പോര്‍ച്ചുഗീസ് ആഗമനം മുതല്‍ കുറിച്ച്യര്‍ കലാപം വരെയുള്ള ഒന്നാംഘട്ടവും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രണ്ടാംഘട്ടവും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രധാനവ്യക്തികളും സംഭവങ്ങളും അടങ്ങുന്ന മുന്നാം ഘട്ടവും ദേശീയ പ്രസ്ഥാനത്തില്‍ മലബാറിന്റെ പങ്കുമായി ബന്ധപ്പെട്ട നാലാംഘട്ടവുമാണ് ഇതിലുള്ളത്. ഈ ഘട്ടം വി. കെ. കൃഷ്ണമേനോനിലാണ് അവസാനിക്കുന്നത്. 1498 മുതല്‍ മൗലവി ജീവിച്ചിരുന്ന ആധുനിക കാലഘട്ടം വരെ ഇതില്‍ രേഖപ്പെടുത്തുന്നു. ഇത്തരത്തില്‍ 82 ഫോട്ടോകളാണുള്ളത്.

എണ്‍പതുമുതല്‍ 95 വരെയുള്ള വിവിധഭാഷാപത്രങ്ങള്‍, കോണ്‍ഗ്രസില്‍ മൗലവി അംഗത്തമെടുത്തതിന്റെ 75-ാം വാര്‍ഷികദിനാഘോഷ സംബന്ധമായ പത്രവാര്‍ത്തകള്‍, ഇ. എം. എസ്. ആശംസ അര്‍പ്പിക്കുന്നത്, മൗലവിയുടെ നൂറ്റൊന്നാം ജന്മദിനാഘോഷം, നൂറ്റിപത്താം ജന്മദിനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ , മൊയ്തുമൗലവി ഗിന്നസ് ബുക്കിലേക്ക് എന്ന കൗതുക വാര്‍ത്തയും ഇതില്‍ കാണാം.

ഇ. എം. എസ്, ഏ. കെ. ആന്റണി, എന്‍. പി. മന്‍മഥന്‍ തുടങ്ങി വിശിഷ്ടരെഴുതിയ കത്തുകള്‍, മൗലവിക്കു കിട്ടിയ പുരസ്‌കാരങ്ങള്‍, മൗലവിയുടെ കയ്യെഴുത്തു പ്രതികള്‍, അദ്ദേഹം ഉപയോഗിച്ചിരുന്ന ഊന്നുവടികള്‍, എല്ലാം സ്മാരകത്തിലുണ്ട്.

കെ. പി. കേശവമേനോന്‍, കെ. കേളപ്പന്‍, മഞ്ചേരി രാമയ്യര്‍, പി. കൃഷ്ണപ്പിള്ള, ഏ. കെ. ജി, കെ. ബി. മേനോന്‍ എന്നീ മലബാറിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോകളും ഇതിന്റെ ഭാഗമായുണ്ട്. 1916 ലെ ടൗണ്‍ഹാള്‍ ബഹിഷ്‌ക്കരണം, കോഴിക്കോട്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ ഉപ്പു സത്യാഗ്രഹത്തിന്റെ ഫോട്ടോകളും ഏ. കെ .ജി. യുടെ പട്ടിണി ജാഥയും ചരിത്രാന്വേഷകര്‍ക്ക് ഏറെ പ്രയോജനപ്പെടും.

We use cookies to give you the best possible experience. Learn more