കോഴിക്കോട്: മുന്‍മുഖ്യമന്ത്രി ഇ.എം.എസിന്റെ കുടുംബത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി സമസ്ത കേന്ദ്രമുശാവറ അംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ബഹാവുദ്ദീന്‍ നദ്‌വി. ഇ.എം.എസിന്റെ മാതാവ് വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് 11 വയസായിരുന്നെന്ന നദ്‌വിയുടെ പരാമര്‍ശമാണ് വിവാദത്തിലായത്.
കോഴിക്കോട് മടവൂരില്‍ വെച്ച് നടന്ന കോഴിക്കോട് ജില്ല ത്വയ്ബ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് നദ്‌വിയുടെ വിവാദ പരാമര്‍ശമുണ്ടായത്.
‘ഇ.എം.എസിന്റെ ഉമ്മാനെ കെട്ടിച്ചത് അവര്‍ക്ക് 11 വയസുള്ളപ്പോഴാണ്. 15ാം നൂറ്റാണ്ട് വരെയൊന്നും പോകേണ്ട, തൊട്ടുമുമ്പത്തെ ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ് പറയുന്നത്, ഇ.എം.എസിന്റെ മാതാവിന്റെ വിവാഹം 11ാം വയസിലായിരുന്നു എന്നതിന്റെ പേരില്‍ ആരും അവരെ അവഹേളിച്ചിരുന്നില്ല. കാരണം അത് അന്നത്തെ സാമൂഹിക രീതിയായിരുന്നു. അതിനെ അവഹേളിക്കാനും പാടില്ല’,നദ്‌വി പറഞ്ഞു.
രാഷ്ട്രീയക്കാര്‍ക്കും സമൂഹത്തിലെ ഉന്നതര്‍ക്കും അവിഹിത ബന്ധങ്ങളുണ്ടെന്നും അതില്ലാത്തവരാണ് സമൂഹത്തില്‍ എണ്ണത്തില്‍ കുറവെന്നും നദ്‌വി പറഞ്ഞു.
‘ബഹുഭാര്യത്വത്തെ കുറിച്ച് പറയുകയാണെങ്കില്‍, നാട്ടിലെ മാന്യന്മാരായ ഉദ്യോഗസ്ഥരും എം.പിമാരും എംഎല്‍എമാരും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പടെയുള്ളവര്‍ക്ക് ഭാര്യമാര്‍ ഒന്നേ ഉണ്ടാകൂ. എന്നാല്‍ അവര്‍ക്കൊക്കെ വൈഫ്-ഇന്‍ -ചാര്‍ജ് ഭാര്യമാര്‍ ഉണ്ടായിരിക്കും. പേര് ഇന്‍ചാര്‍ജ് ഭാര്യമാര്‍ എന്നായിരിക്കില്ലെന്ന് മാത്രം. ഇല്ലാത്തവരോട് കൈ പൊന്തിക്കാന്‍ പറഞ്ഞാല്‍ എത്രപേര്‍ക്ക് സാധിക്കും’, നദ്‌വി ചോദിച്ചു.
സാമൂഹികമായ രീതിക്ക് അനുസരിച്ച് ഇസ്ലാം ഈ രീതിയെ അംഗീകരിക്കുകയാണ് ചെയ്തത്. മനുഷ്യന് ഒന്നിലേറെ ഭാര്യമാരെ ആവശ്യം ഉണ്ടാകും. ഓരോരുത്തരുടെ ഫിറ്റ്‌നസ് അനുസരിച്ച് ആണ് വിവാഹ തീരുമാനമെടുക്കേണ്ടത്.
മതത്തിന്റൈ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് ബഹുഭാര്യത്വം ആകാം. നാല് വിവാഹം കഴിക്കണമെന്ന് മതം പറയുന്നില്ല, വേണമെങ്കില്‍ ആകാമെന്നാണ് പറയുന്നതെന്നും നദ്‌വി പറഞ്ഞു. മാനവിക സംസ്‌കാരത്തില്‍ അടിയുറച്ച് നില്‍ക്കണം. അത് ആവശ്യമാണെന്നും നദ്‌വി പറയുന്നു.
Content Highlight: E.M.S.’s mother was married when she was 11 years old says Bahauddin Nadwi