| Tuesday, 15th July 2025, 4:45 pm

സുല്‍ത്താനുല്‍ ഉലമയെന്ന് അണികള്‍ അദ്ദേഹത്തെ വിളിക്കുന്നു; കാന്തപുരത്തെ അഭിനന്ദിച്ച് ഇ.കെ. വിഭാഗം നേതാക്കളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച് ഇ.കെ. സമസ്ത വിഭാഗം നേതാക്കളും. എസ്.വൈ.എസ് നേതാവ് സത്താര്‍ പന്തല്ലൂരും ഇ.കെ. സുന്നി വാഭഗത്തിന്റെ പ്രസീദ്ധീകരണമായ സത്യധാരയുടെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസിയുമാണ് കാന്തപുരത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്.

രാഷ്ട്രീയ-ഭരണ സംവിധാനങ്ങള്‍ നിഷ്‌ക്രിയരാവുകയോ പരാജയപ്പെടുകയോ ചെയ്തയിടത്ത്, ഉലമാക്കള്‍(പണ്ഡിതര്‍) ഇടപെടുന്ന മനോഹര ചിത്രങ്ങള്‍ ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ടൈന്നും അങ്ങനെ ഇടപ്പെട്ട മഹാത്മാവായിരുന്നു സുല്‍ത്താനുല്‍ ഉലമാ ഇസ്സ് ബിന്‍ അബ്ദിസ്സലാമെന്നും അന്‍വര്‍ സാദിഖ് ഫൈസി പറഞ്ഞു

തന്റെതായ ഇടപെടല്‍ കൊണ്ട് ചരിത്രം അദ്ദേഹത്തെ ‘സുല്‍ത്താനുല്‍ ഉലമാ’എന്നു വിളിച്ചെന്നും ഇപ്പോള്‍ അത്തരം ഉരു ഇടപെടല്‍ നടത്താന്‍ ധൈര്യം കാണിച്ച മറ്റൊരു പണ്ഡിതനെ ചരിത്രത്തിന്റെ ഇങ്ങേ തലക്കല്‍ അനുയായികള്‍ ‘സുല്‍ത്താനുല്‍ ഉലമാ’ എന്നു വിളിക്കുന്നുവെന്നും കാന്തപുരത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് സത്യധാര എഡിറ്റര്‍ പറഞ്ഞു.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ അദ്ദേഹത്തിന്റെ അനുയായികള്‍ സുല്‍ത്താനുല്‍ ഉലമ എന്നാണ് വിളിക്കുന്നത്. ഇത് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് സത്യധാര എഡിറ്ററുടെ വാക്കുകള്‍. ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ടയിടത്ത്, ആശ്വാസ വിധി നേടിക്കൊടുത്ത കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് അഭിനന്ദങ്ങള്‍ നേരുന്നതായും അന്‍വര്‍ സ്വാദിഖ് ഫൈസി പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന അധ്യക്ഷനും നിലവില്‍ എസ്.വൈ.എസ് നേതാവുമായ സത്താര്‍ പന്തല്ലൂരും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അഭിനന്ദനങ്ങള്‍ എന്ന കുറിപ്പോടു കൂടിയുള്ള കാന്തപുരത്തിന്റെ ചിത്രം സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ഇ.കെ. സമസ്ത വിഭാഗം നേതാക്കള്‍ക്ക് പുറെ മുസ്‌ലിം ലീഗ് നേതാക്കളും കാന്തപുരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം ഉള്‍പ്പടെയുള്ള നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ കാന്തപുരത്തെ അഭിനന്ദിച്ചു. സംസ്ഥാന മന്ത്രി സഭയിലെ വീണ ജോര്‍ജും മന്ത്രി സജി ചെറിയാനും കാന്തപുരത്തെ അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ വിഷയത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലുണ്ടായത്. ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീബുല്‍ എന്ന യെമനിലെ സൂഫി പണ്ഡിതനായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കാന്തപുരം ഈ ഇടപെടല്‍ നടത്തിയത്. പിന്നാലെ നാളെ നടപ്പിലാക്കാന്‍ തീരുമാനിച്ച നിമിഷ പ്രിയയുടെ വധിശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് വരികയും ചെയ്തു.

മനുഷ്യത്വത്തിന്റെ പേരിലും ഇസ്‌ലാമിക കര്‍മശാസ്ത്രപ്രകാരവുമാണ് നിമിഷപ്രിയയുടെ കേസില്‍ ഇടപെട്ടതെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇസ്‌ലാം വര്‍ഗീയ വാദത്തിന്റെ മതമല്ലെന്ന് ലോകത്തെ പഠിപ്പിക്കേണ്ടതും ജനങ്ങള്‍ക്ക് നന്മ ചെയ്യാന്‍ ശ്രമിക്കല്‍ തങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന നിലക്കുമാണ് താന്‍ ഈ വിഷയത്തില്‍ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞു. മുസ്‌ലിങ്ങള്‍ക്ക് മതം മദ്രസയിലും പള്ളിയിലുമാണെന്നും പൊതു വിഷയങ്ങള്‍ മനുഷ്യത്വമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: E.K. Sunni leaders Appreciating Kanthapuram on Nimishapriya Case

We use cookies to give you the best possible experience. Learn more