| Thursday, 22nd May 2025, 12:41 pm

ഇ.ഡി എല്ലാപരിധിയും ലംഘിക്കുന്നു; ഇ.ഡിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇ.ഡി എല്ലാ പരിധിയും ലംഘിക്കുന്നുവെന്ന് സുപ്രീം കോടതി. ഇ.ഡി. രാജ്യത്തെ ഫെഡറല്‍ ഘടനയെ പൂര്‍ണമായും ലംഘിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി അംഗമായ ബെഞ്ച് വിമര്‍ശിച്ചു.

തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനെതിരെ ഇ.ഡി നടത്തിയ അന്വേഷണവും റെയ്ഡും സ്റ്റേ ചെയ്ത് കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുന്നതിലൂടെ ഇ.ഡി എല്ലാ പരിധികളും ലംഘിക്കുകയും ഭരണഘടനാ ലംഘനം നടത്തുകയാണെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ടാസ്മാക്കിനെതിരെ ആയിരം കോടിയുടെ അഴിമതിയായിരുന്നു ഇ.ഡി. ആരോപിച്ചത്. ഈ വിഷയത്തില്‍ അന്വേഷണം തുടരാന്‍ മദ്രാസ് ഹൈക്കോടതി ഇ.ഡിയെ അനുവദിച്ചിരുന്നു. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ഇ.ഡിക്ക് നോട്ടീസ് അയക്കുകയുമായിരുന്നു.

ഒരു കോര്‍പ്പറേഷില്‍ എങ്ങനെയാണ് ഇ.ഡിക്ക് റെയ്ഡ് നടത്താന്‍ സാധിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ഇ.ഡിയോട് ചോദിച്ചു. ടാസ്മാകിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ 41 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത ഇ.ഡി, ഈ ഉദ്യോഗസ്ഥരുടെ ടെലിഫോണ്‍ വിവരങ്ങളും ശേഖരിച്ചിരുന്നു. സംഭവത്തില്‍ മറുപടി നല്‍കാന്‍ ഇ.ഡിക്ക് രണ്ടാഴ്ച്ചത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്.

Content Highlight: E.D crossing all limits says supreme court on TASMAC raids

We use cookies to give you the best possible experience. Learn more