| Friday, 17th July 2015, 2:21 pm

സെക്യുലര്‍ മാരേജ് ഡോട്ട് കോം ഓണ്‍ലൈനിലില്ല: ഡി.വൈ.എഫ്.ഐയ്ക്ക് പഴയ ആവേശമൊന്നുമില്ലെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജാതിരഹിത മതരഹിത സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം കൊട്ടിഘോഷിച്ച് ഡി.വൈ.എഫ്.ഐ ആരംഭിച്ച സെക്യുലര്‍ മാരേജ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് ഓണ്‍ലൈനില്‍ ലഭ്യമാകുന്നില്ല. ഏഴ് മാസക്കാലമായി സൈറ്റ് അപ്രത്യക്ഷമായിട്ട്.  ഈ പദ്ധതിയില്‍ തുടക്കത്തിലുണ്ടായിരുന്ന ആവേശവും താല്പര്യവും ഇപ്പോള്‍ ഡി.വൈ.എഫ്.ഐയ്ക്ക് കാണിക്കുന്നില്ലെന്ന് വിമര്‍ശനമുയരുന്നുണ്ട്.

കോഴിക്കോട് മിശ്രവിവാഹിതരായ ഗൗതമിനും അന്‍ഷിതയ്ക്കും നേരെ മത മൗലിക വാദികളുടേയും സദാചാര ഗുണ്ടകളുടേയും ആക്രമണമുണ്ടായപ്പോള്‍ അവര്‍ക്ക് അഭയം നല്‍കിയത് പ്രദേശത്തെ ഡി.വൈ.എഫ്.ഐ ആയിരുന്നു. ഈ പ്രശ്‌നം കത്തി നില്‍ക്കുന്ന സമയത്താണ് മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമുയര്‍ത്തി സെക്യുലാര്‍ മാരേജ് ഡോട്ട് കോമുമായി ഡി.വൈ.എഫ്.ഐ മുന്നോട്ട് വന്നത്.

പുറത്തിറങ്ങി രണ്ടാം ദിവസം സൈറ്റ് ഹാക്ക് ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് വിശദീകരണം ഉണ്ടായിരുന്നെങ്കിലും ഏഴ് മാസക്കാലമായി സൈറ്റ് പ്രവര്‍ത്തന ക്ഷമമല്ല. ജാതിരഹിത മതരഹിത സമൂഹം എന്ന വിഷയത്തില്‍ പ്രസംഗം മാത്രമാണ് നടക്കുന്നതെന്നും ഡി.വൈ.എഫ്.ഐയുടെ ഭാഗത്ത് നിന്നും ആത്മാര്‍ത്ഥമായ ശ്രമങ്ങളുണ്ടാവുന്നില്ലെന്നും വിമര്‍ശനമുണ്ട്.

അതേസമയം ഏഴുമാസക്കാലമായി സൈറ്റ് ലഭ്യമാകുന്നില്ല എന്നത് തെറ്റായ ആരോപണമാണെന്നും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വെബ്‌സൈറ്റ് ഇപ്പോള്‍ ലഭ്യമാകാത്തതെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more