| Friday, 25th January 2013, 9:57 pm

വിശ്വരൂപത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്ലീം മതമൗലിക വാദികളുടെ വിലക്ക് നേരിടുന്ന വിശ്വരൂപം സിനിമക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. പാലക്കാട് ഏഴ് തിയറ്ററുകളില്‍ സിനിമ റിലീസ് പ്രഖ്യാപിച്ചിരിന്നുവെങ്കിലും മതമൗലികവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അഞ്ച് തിയറ്ററുകള്‍ പ്രദര്‍ശനത്തില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കാതെ മറ്റ് സിനിമകളും പ്രദര്‍ശിപ്പിക്കാനനുവദിക്കില്ലെന്ന കര്‍ശനനിലപാടിലാണ് ഡി.വൈ.എഫ്.ഐ.[]

കേരളത്തിലെ വിവിധ തിയറ്ററുകളിലേക്ക് സിനിമ പ്രദര്‍ശനം നിറുത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള മതമൗലികവാദ സംഘടനകളുടെ നെതൃത്വത്തില്‍ പ്രകടനം നടത്തിയിരുന്നു. കേരളത്തില്‍ പ്രധാനമായും കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് സിനിമ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധം ഉണ്ടായത്.

ഇന്ന് എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി കേരളത്തിലെ സര്‍ക്കാര്‍ തീയറ്ററുകളിലും ബി, സി ക്ലാസ് തീയറ്ററുകളിലും ചിത്രം പ്രദര്‍ശനം തുടങ്ങിയിരുന്നു. കോഴിക്കോട് കൈരളി തിയറ്ററിലേക്കും പാലക്കാട് ശ്രീദേവിദുര്‍ഗ തീയറ്ററിലും കോട്ടയം ഏറ്റുമാനൂരിലെ തീയറ്ററിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ മുസ്‌ലീം മതമൗലികവാദ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

പാലക്കാട് ശ്രീദേവി ദുര്‍ഗ തീയറ്ററില്‍ തമിഴ്‌നാട്ടില്‍ നിന്നുപോലും ആളുകളെത്തിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഇവിടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കിയത്. ഈ സാഹചര്യത്തില്‍ ഇനി ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമ അറിയിച്ചു.

തമിഴ്‌നാടിന് പുറമെ ചിത്രത്തിന്റെ പ്രദര്‍ശനം ഹൈദരാബാദിലും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. ആന്ധ്ര ആഭ്യന്തരമന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ നിര്‍ദേശമനുസരിച്ചാണ് പോലീസ് പ്രദര്‍ശനം തടഞ്ഞത്.

വിശ്വരൂപത്തിന് പിന്തുണയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കലാസൃഷ്ടിയെ ഇല്ലാതാക്കാനുള്ള ജനാധിപത്യവിരുദ്ധ രീതിക്കെതിരെ എല്ലാ കലാസ്‌നേഹികളും മതനിരപേക്ഷവാദികളും രംഗത്തുവരണമെന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഉന്നതമാനവിക മതനിരപേക്ഷ ബോധമുള്ള കലാകാരനാണ് കമലാഹസ്സന്‍. അദ്ദേഹം നിര്‍മ്മാതാവും സംവിധായകനുമായ സിനിമയെ ആക്രമിച്ച് കലാകാരനെ മൗനിയാക്കാനുള്ള നീക്കം ഫാസിസമാണെന്നും പിണറായി പറഞ്ഞു.

We use cookies to give you the best possible experience. Learn more