| Saturday, 16th August 2025, 9:34 pm

സുരേഷ് ഗോപിയല്ല, കുമ്പിടി ഗോപി; തൃശൂര്‍ കട്ടെടുത്ത കള്ളന്‍: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്. സുരേഷ് ഗോപി രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന് അന്തസുണ്ടെങ്കില്‍ രാജിവെക്കണമെന്നും വി. കെ. സനോജ് പറഞ്ഞു. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. കെ. സനോജ്

സുരേഷ് ഗോപിയെ കുമ്പിടി ഗോപി എന്നാണ് വിളിക്കേണ്ടതെന്നും കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ എം.പി ഒരക്ഷരം മിണ്ടിയില്ലയെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ എടുത്തതല്ലെന്നും അത് കട്ടെടുത്ത കള്ളനാണ് സുരേഷ് ഗോപിയെന്നും സനോജ് ആരോപിച്ചു. സുരേഷ് ഗോപി ഇനി മത്സരിച്ചാല്‍ നിലംതൊടില്ലെന്നും വി. കെ. സനോജ് പറഞ്ഞു.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളും പുരോഹിതന്മാരും ആക്രമിക്കപ്പെട്ടപ്പോള്‍ മൗനിയായിരുന്ന, തൃശൂര്‍ ജില്ലയിലെ വികസന പ്രശ്‌നങ്ങളില്‍ തിരിഞ്ഞു നോക്കാത്ത, ജനാധിപത്യത്തെ കള്ളവോട്ടിലൂടെ തകര്‍ത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി രാജിവെക്കുക എന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം നടന്നത്. ഡി.വൈ.എഫ്.ഐ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഓഫീസിന്റെ 500 മീറ്റര്‍ അകലെവെച്ച് പൊലീസ് തടഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അതേസമയം വോട്ട് ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ സി.പി.ഐ.എമ്മും കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. വോട്ട് ചോരി വിവാദത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും അദ്ദേഹത്തിന്റെ പങ്കാളി റാണിക്കും ഒരേസമയം കൊല്ലത്തും തൃശൂരും വോട്ടുള്ളതായി കണ്ടെത്തിയിരുന്നു.

ലക്ഷ്മി നിവാസ് എന്ന സുരേഷ് ഗോപിയുടെ കുടുംബ വീടിന്റെ അഡ്രസ്സിലാണ് കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരുവരുടെയും പേരുകളുള്ളത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭാരത് ഹെറിറ്റേജ് വീടിന്റെ മേല്‍വിലാസത്തിലാണ് സുഭാഷ് ഗോപിയുടെയും റാണിയുടേയും പേര് ചേര്‍ത്തിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് തൃശൂരിലെ യു.ഡി.എഫ്/എല്‍.ഡി.എഫ് മുന്നണികള്‍ സുരേഷ് ഗോപിക്കെതിരായ പ്രതിഷേധം കനപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിവാദങ്ങളില്‍ ഒന്നും തന്നെ വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ സുരേഷ് ഗോപി ഇതുവരെ തയ്യാറായിട്ടില്ല.

Content Highlight: DYFI State Secretary V. K. Sanoj criticize Union Minister Suresh Gopi

We use cookies to give you the best possible experience. Learn more