| Sunday, 12th July 2026, 4:02 pm

എന്ത് വിടുവായിത്തവും പറയുന്ന രീതിയിലേക്ക് ലക്കുകെട്ട് പോയോ? സുധാകരനെ ഈ നാട് ബഹിഷ്‌കരിക്കണം: ഡി.വൈ.എഫ്.ഐ

ആദർശ് എം.കെ.

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ വിവിധ സംഘടനകള്‍ നടത്തിവരുന്ന ഭക്ഷണവിതരണത്തെ അധിക്ഷേപിച്ച മുന്‍ മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ്.

ഒറ്റ പാര്‍ട്ടിക്കാരെയും മെഡിക്കല്‍ കോളേജില്‍ കയറ്റരുത് എന്ന സുധാകരന്റെ നിലപാട് വല്ലാത്തൊരു അസ്വസ്ഥതയില്‍ നിന്നുടലെടുത്തതാണെന്നും, മാനവികതയുടെ പക്ഷത്തുനിന്ന് അധികാരക്കൊതി മൂത്ത് വലതുപക്ഷ ചെളിക്കുണ്ടില്‍ വീണ അവസ്ഥയിലാണ് അദ്ദേഹമെന്നും വസീഫ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ ജില്ലാ-പ്രാദേശിക ആശുപത്രികള്‍ ഉള്‍പ്പെടെ ഏകദേശം 68-ഓളം കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ‘ഹൃദയപൂര്‍വ്വം’ പദ്ധതി വഴി പ്രതിദിനം നാല്‍പ്പതിനായിരത്തോളം പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു രാഷ്ട്രീയ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്ന ഒന്നല്ല.

ഡി.വൈ.എഫ്.ഐയുടെ മുന്‍കൈയില്‍ കേരളത്തിലുടനീളം നടക്കുന്ന, എല്ലാവരാലും അഭിനന്ദനത്തിന് അര്‍ഹമായ ഒരു മാനുഷിക പ്രവര്‍ത്തനമാണിത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പോലും ഇന്‍-ഹൗസ് മീറ്റിങ്ങുകളിലെങ്കിലും ഡി.വൈ.എഫ്.ഐയുടെ ഈ പ്രവര്‍ത്തനത്തെ പ്രശംസിക്കുന്നത് നമ്മള്‍ നേരില്‍ കണ്ടതാണെന്ന് വസീഫ് ചൂണ്ടിക്കാട്ടി.

എന്നാല്‍, ജി. സുധാകരന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഇങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് കേട്ടപ്പോള്‍ സത്യത്തില്‍ വലിയ ഞെട്ടലാണുണ്ടായത്. തൊട്ടുമുമ്പ് മാനവികതയെക്കുറിച്ചും ഞങ്ങളുടെ ഈ മുന്‍കൈയെക്കുറിച്ചും പ്രശംസിച്ചു പറഞ്ഞ, ആര്‍ക്കും എതിര്‍ക്കാന്‍ പറ്റാത്ത ഒരു പ്രവര്‍ത്തിയെ കുറിച്ചാണ് വല്ലാത്ത ഉദ്ദേശത്തോടെ സുധാകരന്‍ സംസാരിക്കുന്നതെന്ന് വസീഫ് കുറ്റപ്പെടുത്തി.

‘നേരത്തെ ഇടതുപക്ഷത്തിനൊപ്പം നിന്ന സമയത്ത് ഇതേ പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് ഇതൊരു വലിയ ഉദ്യമമാണെന്ന് അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വന്ന് അദ്ദേഹം നടത്തിയ പ്രസ്താവനകളും സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ കുറിപ്പുകളും ഇപ്പോഴും ലഭ്യമാണ്. അങ്ങനെയുള്ള ഒരു മനുഷ്യന് ഇത്ര പെട്ടെന്ന് മാറാന്‍ പറ്റുമോ എന്നത് പ്രതിഷേധാര്‍ഹമാണ്.

ഒരു മനുഷ്യന് ഇത്ര പെട്ടെന്ന് എങ്ങനെ മാറാന്‍ കഴിയും? അദ്ദേഹം അധികാരക്കൊതി മൂത്ത് ഒരു വല്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. വലതുപക്ഷത്തിന്റെ ചെളിക്കുണ്ടില്‍ കിടന്ന് ഉരുണ്ട്, ശരീരം ആകെ വാരിത്തേച്ച് അതിലിങ്ങനെ അഭിരമിച്ചു നടക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നുള്ളതാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മറ്റ് പല കാരണങ്ങളും ഉണ്ടാകാം. എന്നാല്‍ ആ വിജയത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയുള്ള പല സ്റ്റേറ്റ്‌മെന്റുകളും വരുന്നത്.

ഒറ്റ പാര്‍ട്ടിക്കാരനെയും മെഡിക്കല്‍ കോളേജില്‍ കേറ്റരുത് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ അസ്വസ്ഥത എത്രത്തോളം എത്തി എന്നതിനാണ് ഇത് തെളിവ്. ചിലപ്പോള്‍ ഇത് അസ്വസ്ഥത മാത്രമായിരിക്കില്ല, വേറെ എന്തെങ്കിലും പ്രയാസം കൊണ്ടും ആയിരിക്കാം. ആ പ്രയാസം എന്താണെന്നുള്ളത് വേറെത്തന്നെ നോക്കേണ്ടതുണ്ട്,’ വസീഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചതിനെ കുറിച്ചും വസീഫ് ചൂണ്ടിക്കാട്ടി.

‘ഇപ്പോള്‍ ഈ ഹൃദയപൂര്‍വം പദ്ധതിയെക്കുറിച്ച് മാത്രമല്ല, ജി. സുധാകരനില്‍ നിന്ന് വരുന്ന ഓരോരോ സ്റ്റേറ്റ്‌മെന്റുകളും നോക്കൂ. അദ്ദേഹം എവിടെയാണ് ചെന്നെത്തി നില്‍ക്കുന്നത്? മാധ്യമപ്രവര്‍ത്തകരെ വര്‍ഗീയവാദി എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന സംഭവം വരെയുണ്ടായി. അദ്ദേഹം മതിമറന്നു പോയോ അതോ ലക്ക് കെട്ടുപോയോ എന്ന് മനസ്സിലാകുന്നില്ല. എന്ത് വിടുവായിത്തവും വിളിച്ചുപറയുന്ന തരത്തിലേക്ക് അദ്ദേഹം മാറിയിരിക്കുന്നു.

ഡി.വൈ.എഫ്.ഐ മാത്രമല്ല, മറ്റ് പല സംഘടനകളും മെഡിക്കല്‍ കോളേജുകളില്‍ ചെറുതും വലുതുമായ അളവില്‍ ഭക്ഷണവിതരണം നടത്തുന്നുണ്ട്. ഇതില്‍ ആരെ ഉദ്ദേശിച്ചാണ് അദ്ദേഹം സംസാരിച്ചതെന്ന് അറിയില്ല. ആരെ ഉദ്ദേശിച്ചാണെങ്കിലും, ഈ കാരുണ്യപ്രവര്‍ത്തിയെ പ്രശംസിച്ചില്ലെങ്കിലും പ്രോത്സാഹിപ്പിച്ചില്ലെങ്കിലും അതിനെ തടയാതിരിക്കുക എന്നതെങ്കിലും ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടതുണ്ട്.

അദ്ദേഹത്തെപ്പോലെയുള്ളവരെ ഈ നാട് ബഹിഷ്‌കരിക്കണം. ജി. സുധാകരന്‍ കുറച്ചുകൂടി അവധാനതയോടുകൂടി കാര്യങ്ങളെ നോക്കിക്കാണണം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്,’ അദ്ദേഹം പറഞ്ഞു.

Content Highlight: DYFI slams G Sudakaran

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more