| Thursday, 18th December 2014, 11:33 am

മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചു ഡി.വൈ.എഫ്.ഐ ആരംഭിച്ച വെബ്‌സൈറ്റ് ഹാക്കു ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചു ഡി.വൈ.എഫ്.ഐ ആരംഭിച്ച മാട്രിമോണിയല്‍ വെബ്‌സൈറ്റ് ഹാക്കു ചെയ്തു. www.secularmarriage.com എന്ന വെബ്‌സൈറ്റ് ഇസ്‌ലാമിക് ആര്‍മി എന്ന പേരിലാണ് ഹാക്ക് ചെയ്തത്.

ഇന്നു രാവിലെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം അധികൃതര്‍ അറിഞ്ഞത്. സൈറ്റ് എടുത്താല്‍ അതില്‍ യാ മുഹമ്മദ്, യാ അള്ളാ തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പേജാണ് കാണാനാവുക. കൊമോഡോ എന്ന പേരിനൊപ്പം ഒരു പോരാളിയുടെ ചിത്രവും പോസ്റ്റ് ചെയ്തതായി കാണാം.

“വൃത്തികെട്ട രക്തദാഹികളെ നിങ്ങള്‍ നശിപ്പിക്കപ്പെടും. കുപ്രസിദ്ധ അമേരിക്ക, കുപ്രസിദ്ധ ഇസ്രായേല്‍. ഇസ്‌ലാമിനെ ബഹുമാനിക്കാത്ത രാജ്യങ്ങളിലെല്ലാം സൈബര്‍ യുദ്ധം വരും. ഇസ്‌ലാമിക് ഹാക്കര്‍!! ഇസ്‌ലാമിക് ആര്‍മി” എന്നും ഇതിലെഴുതിയിട്ടുണ്ട്. രണ്ട് പിശാചുക്കളുടെ ചിഹ്നവും പേജിലുണ്ട്.

ബുധനാഴ്ചയാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ജാതി മത പരിഗണനകള്‍ക്കതീതമായി ജീവിതപങ്കാളിയെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. ചലചിത്ര മേഖലയില്‍ നിന്നുള്ള ദമ്പതികളായ ആശിക് അബുവും റീമാ കല്ലിങ്കലുമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

നേരത്തെ മോഹന്‍ലാലിന്റെ വൈബ്‌സൈറ്റ് ഹാക്ക് ചെയ്ത അതേ സംഘം തന്നെയാണിതിനു പിന്നിലുമെന്നു കരുതുന്നു.

Latest Stories

We use cookies to give you the best possible experience. Learn more