| Wednesday, 11th November 2026, 11:04 pm

എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പുനര്‍ നിര്‍മിച്ച് ഡി.വൈ.എഫ്.ഐ; സമരം തുടരേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് ജയകൃഷ്ണന്‍

ശ്രീരാഗ് പാറക്കല്‍

തിരുവനന്തപുരം: പൊലീസ് പൊളിച്ചുനീക്കിയ എല്‍.പി.എസ്.ടി ഉദ്യോഗര്‍ത്ഥികളുടെ സമരപ്പന്തല്‍ പുനര്‍ നിര്‍മിച്ച് ഡി.വൈ.എഫ്.ഐ. നിരാഹാര സമരം അനുഷ്ടിച്ച വളര്‍മതിയെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നേരത്തെ വളര്‍മതിക്കൊപ്പം സമരം ചെയ്ത എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥി എം. ജയകൃഷ്ണന്‍ സമരം ഏറ്റെടുത്തു. ജനാതിപത്യ മരിയാദകള്‍ പാലിച്ചുകൊണ്ട് സമരം ഇനിയും ആരംഭിക്കുമെന്നും എല്ലാ യുവജന സംഘടനകളും തങ്ങളുടെ കൂടെയുണ്ടെന്നും ജയകൃഷ്ണന്‍ പ്രതികരിച്ചു.

ജീവിതത്തിന്റെ ഏറ്റവും നല്ല കാലഘട്ടത്തില്‍ വ്യക്തിപരമായ എല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് വര്‍ഷങ്ങളോളം പഠിച്ച് റാങ്ക് ലിസ്റ്റില്‍ കയറി, വീണ്ടും കാത്തിരുന്നിട്ടും ജോലിയില്ലെന്ന് പറയുമ്പോള്‍ മാനസികമായി തകര്‍ന്ന ഒരുപാട് പേരുണ്ട്. അത്തരം ആളുകളുടെ പ്രതീക്ഷയാണ് ഞങ്ങളുടെ സമരം. ഈ സമരം തുടരേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും ജയകൃഷ്ണന്‍ പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ രാത്രി 9.30തോടെ (ബുധന്‍) പൊളിച്ചുനീക്കുകയായിരുന്നു പൊലീസ്. സമര സമിതി നേതാവ് വളര്‍മതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതിവേഗത്തിലാണ് വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റിയതും സമരപ്പന്തലും ഫ്‌ളെക്‌സ് ബോര്‍ഡുകളുമടക്കം പൊളിച്ചുനീക്കിയതും.

സമരം നടത്താന്‍ സാധിക്കില്ലെന്നും രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. പത്തോളം വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ മ്യൂസിയം ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം മിന്നല്‍ വേഗത്തിലെത്തുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കുകയുമായിരുന്നു.

സമര സമിതിക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പൊലീസ് നടപടിയില്‍ പ്രവര്‍ത്തകര്‍ സക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്യും.

Content Highlight: DYFI has reconstructed the protest shelter of LPST candidates, which had been demolished by the police

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more