| Sunday, 20th July 2025, 5:17 pm

ആംബുലന്‍സ് തടഞ്ഞ് സമരം; യൂത്ത് കോണ്‍ഗ്രസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ ആംബുലന്‍സ് തടഞ്ഞുള്ള സമരത്തില്‍ രോഗി മരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. ആംബലുന്‍സ് തടഞ്ഞ് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

വിതുര സ്വദേശിയായ ആദിവാസി യുവാവ് ബിനു മരിച്ച സംഭവത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പ്രതികരണം.

സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്.

ആംബുലന്‍സിനുള്ളില്‍ രോഗിയുണ്ടെന്ന് പറഞ്ഞെങ്കിലും മരണത്തിന് കാരണമാവും വിധം മണിക്കൂറുകള്‍ ആംബുലന്‍സ് തടഞ്ഞു വെക്കുകയായിരുന്നു എന്നാണ് ബിനുവിന്റെ ബന്ധുക്കള്‍ തന്നെ പറഞ്ഞത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ മിനിട്ടും വിലപ്പെട്ടതാണ് എന്നറിഞ്ഞിട്ടുമാണ് മരണത്തെ സുവര്‍ണാവസരമാക്കാന്‍ വേണ്ടി യൂത്ത് കോണ്‍ഗ്രസ് ഈ അരും കൊല നടത്തിയതെന്നും സനോജ് കുറിപ്പില്‍ പറഞ്ഞു.

നിലമ്പൂരിലും കോട്ടയത്തും ഇത്തരത്തില്‍ ആംബുലന്‍സ് തടഞ്ഞുള്ള സമരം കണ്ടതാണെന്നും ഇനിയുമിത് അനുവദിച്ച് കൊടുക്കരുതെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ വിതുര പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഫിറ്റ്നസ്സ് ഇല്ലാത്ത ആംബുലന്‍സ് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. എന്നാല്‍ രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ വിശദീകരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആംബുലന്‍സ് തടഞ്ഞ് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

വിതുര താലൂക്ക് ആശുപതിയില്‍ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിയന്തിര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വിതുരയിലെ ബിനുവിനെയും കൊണ്ടു പുറപ്പെട്ട ആംബുലന്‍സാണ് യൂത്ത് കോണ്‍ഗ്രസ് സംഘം തടഞ്ഞത്.

രോഗിയുണ്ടെന്ന് പറഞ്ഞെങ്കിലും ബിനുവിന്റെ മരണത്തിന് കാരണമാവും വിധം മണിക്കൂറുകള്‍ ആംബുലന്‍സ് തടഞ്ഞു വെക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ തന്നെ പറഞ്ഞത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ മിനുട്ടും വിലപ്പെട്ടതാണ് എന്നറിഞ്ഞിട്ടുമാണ് മരണത്തെ സുവര്‍ണാവസരമാക്കാന്‍ വേണ്ടി യൂത്ത് കോണ്‍ഗ്രസ് ഈ അരും കൊല നടത്തിയത്.

നിലമ്പൂരിലും കോട്ടയത്തും കഴിഞ്ഞ ദിവസങ്ങളില്‍ ആംബുലന്‍സ് തടഞ്ഞ് നടത്തിയ മരണവ്യാപാരികളുടെ ആഭാസ സമരം നമ്മള്‍ കണ്ടതാണ്. ഇനിയും ഇത് ഈ നാട് അനുവദിച്ച് കൊടുക്കരുത്. ശക്തമായി പ്രതിഷേധിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു

Content highlight: DYFI demands a murder case against Youth Congress in the incident where a patient died during a protest blocking an ambulance.

We use cookies to give you the best possible experience. Learn more