| Tuesday, 1st April 2025, 6:39 pm

പവലിന് നീതി ലഭിക്കണം; വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെതിരെ ആഞ്ഞടിച്ച് ഡ്വെയ്ന്‍ ബ്രാവോ

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. വെസ്റ്റ് ഇന്‍ഡീസിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് റോവ്മാന്‍ പവലിനെ പുറത്താക്കി ഷായ് ഹോപ്പിനെ നിയമിച്ചതോടെയാണ് ബ്രാവോ തന്റെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം അറിയിച്ചത്.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഇന്റര്‍നാഷണല്‍ ടി-20 മത്സരമാണ് വെസ്റ്റ് ഇന്‍ഡീസിന് അടുത്തതായി കളിക്കാന്‍ ഉള്ളത്. 2025 ജൂണ്‍ ആറിനാണ് പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ പരമ്പരയ്ക്ക് മുമ്പുള്ള വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയാകുന്നത്.

പവലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിനോടും സൗത്ത് ആഫ്രിക്കയോടും ഇന്ത്യയോടും പരമ്പര നേടാന്‍ വിന്‍ഡീസിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല താരത്തിന്റെ ക്യാപ്റ്റന്‍സില്‍ ഐസിസി റാങ്കിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. ഇപ്പോള്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഏറ്റവും മോശം തീരുമാനങ്ങളിലൊന്നാണ് ഇതൊന്നും ബ്രാവോ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

ബ്രോവോയുടെ കുറിപ്പ്

‘@windiescricket, കരീബിയന്‍ ജനതയ്ക്കും ക്രിക്കറ്റ് ലോകത്തിനും മുന്നില്‍ കളിക്കാര്‍ക്കെതിരായ അനീതി തുടരുന്നുവെന്ന് നിങ്ങള്‍ വീണ്ടും തെളിയിച്ചു! ഒരു മുന്‍ കളിക്കാരനും WI ക്രിക്കറ്റിന്റെ ആരാധകനും എന്ന നിലയില്‍, ഇത് ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും മോശം തീരുമാനങ്ങളില്‍ ഒന്നാണ് @ravipowell52, നമ്മുടെ ടി-20 ടീം 9ാം സ്ഥാനത്തായിരുന്നപ്പോള്‍ അദ്ദേഹം ക്യാപ്റ്റന്‍സി ഏറ്റെടുത്തു, റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിഞ്ഞു, ഇങ്ങനെയാണ് നിങ്ങള്‍ അദ്ദേഹത്തിന് തിരിച്ചടി നല്‍കുന്നത്. കളിക്കാരോടുള്ള മോശം പെരുമാറ്റം എപ്പോള്‍ നിര്‍ത്തും! ഇത് എല്ലാ തലങ്ങളിലും വളരെ സങ്കടകരമാണ്.. ഇത് അര്‍ത്ഥവത്താക്കുക! SMH #JusticeForRP,’ ബ്രാവോ ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.

2022 വിന്‍ഡീസിന്റെ ടി20 നായകനായി ചുമതലയേറ്റ പവല്‍ 37 മത്സരങ്ങളില്‍ നിന്ന് 19 വിജയങ്ങള്‍ ടീമിന് നേടിക്കൊടുത്തു. ഫോര്‍മാറ്റില്‍ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിക്കൊടുത്ത ഡാരന്‍ സമിക്ക് ശേഷം (28 വിജയങ്ങള്‍) പവല്‍ ടീമില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

വിന്‍ഡീസിന് വേണ്ടി 51 ഏകദിന മത്സരങ്ങള്‍ കളിച്ച പവല്‍ 979 റണ്‍സ് ആണ് നേടിയത്. 21.76 ആവറേജില്‍ ആയിരുന്നു താരത്തിന്റെ റണ്‍വേട്ട. മാത്രമല്ല 101 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് ഫോര്‍മാറ്റില്‍ ഉണ്ട്. ടി-20യില്‍ 91 മത്സരത്തിലെ 79 ഇന്നിങ്‌സില്‍ നിന്ന് 1,747 റണ്‍സാണ് താരം നേടിയത്. 140.33 സ്‌െ്രെടക്ക് റേറ്റും 25.69 ആവറേജുമാണ് ഫോര്‍മാറ്റില്‍ താരം നേടിയത്.

Content Highlight: Dwayne Bravo Slams West Indians Cricket Board

We use cookies to give you the best possible experience. Learn more