ആംസ്റ്റര്‍ഡാം: യൂറോപ്യന്‍ യൂണിയനും ഇസ്രഈലും തമ്മിലുള്ള വ്യാപാര കരാര്‍ മരവിപ്പിക്കണമെന്ന ഡച്ച് പാര്‍ലമെന്റിലെ പ്രമേയത്തെ പിന്തുണച്ച് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് അപ്പീല്‍ (സി.ഡി.എ). പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ ഡച്ച് പാര്‍ലമെന്റ് പാസാക്കി.
ഫലസ്തീന്‍ ജനതക്കെതിരെയുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രാഈലുമായുള്ള കരാര്‍ റദ്ദാക്കാന്‍ നെതര്‍ലാന്‍ഡ്സ് സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനില്‍ സമ്മര്‍ദം ചെലുത്തണമെന്നായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം.
‘ഫലസ്തീനികള്‍ക്കെതിരെയുള്ള വധശിക്ഷാ നിയമം, കുട്ടികളെ പീഡിപ്പിക്കല്‍, ഭരണകൂടം പിന്തുണയ്ക്കുന്ന കുടിയേറ്റ ഭീകരത, വംശഹത്യ എന്നിവയ്ക്ക് ശേഷം യൂറോപ്യന്‍ യൂണിയന്‍ – ഇസ്രഈല്‍ അസോസിയേഷന്‍ കരാറിലെ വ്യാപാര ഭാഗം മരവിപ്പിക്കുന്നതിന് ഡച്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിച്ചു,’ ഡച്ച് നിയമസഭാംഗം കാറ്റി പിരി എക്സില്‍ കുറിച്ചു.
ഡച്ച് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഈ പ്രമേയത്തെ ഭരണസഖ്യത്തിന്റെ പ്രധാന പാര്‍ട്ടിയായ സി.ഡി.എ തന്നെ പിന്തുണച്ചത് ശ്രദ്ധേയമായി. സി.ഡി.എയ്‌ക്കൊപ്പം മറ്റൊരു പ്രധാന പാര്‍ട്ടി ഡെമോക്രറ്റ്‌സ് 66 (ഡി. 66) ഉം പിന്തുണച്ചു.
ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍, വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ വ്യാപനം, പുതിയ നിയമങ്ങള്‍ എന്നിവ ഗുരുതരമായ മനുഷ്യാവകാശ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പാര്‍ട്ടികള്‍ പ്രമേയത്തെ പിന്തുണച്ചത്.
എന്നാല്‍, ഭരണകക്ഷിയുടെ ഭാഗമായ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസി പ്രമേയത്തെ എതിര്‍ത്തു.
ഗ്രോണ്‍ലിങ്ക്‌സ് – പി.വി.ഡി.എ, സോഷ്യലിസ്റ്റ് പാര്‍ട്ടി, പാര്‍ട്ടി ഫോര്‍ ദി ആനിമല്‍സ്, ഡെങ്ക്, വോള്‍ട്ട് നെതര്‍ലാന്‍ഡ്സ്, ഫോറം ഫോര്‍ ഡെമോക്രസി എന്നീ പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണച്ചു.
2000ലാണ് യൂറോപ്യന്‍ യൂണിയന്‍ – ഇസ്രഈല്‍ അസോസിയേഷന്‍ എഗ്രിമെന്റ് നിലവില്‍ വന്നത്. ജനാധിപത്യ തത്വങ്ങളും മനുഷ്യാവകാശങ്ങളും ബഹുമാനിച്ചാല്‍ മാത്രമേ കരാര്‍ നിലനില്‍ക്കൂ എന്ന വ്യവസ്ഥ ഈ കരാറിലുണ്ട്.
ഈ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
പ്രമേയം പാസായതോടെ, ഏപ്രില്‍ 21ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഡച്ച് വിദേശകാര്യ മന്ത്രി ടോം ബെറന്‍ഡ്സെന്‍ ഈ വിഷയം ഔദ്യോഗികമായി ഉന്നയിക്കും. എന്നാല്‍ കരാര്‍ മരവിപ്പിക്കണമെങ്കില്‍ യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളുടെയും ഐക്യകണ്‌ഠ്യേനയുള്ള തീരുമാനം ആവശ്യമാണ്.
Content Highlight: Dutch parliament backs the proposal for suspension of EU-Israel deal; Coalition party Christian Democratic Appeal supports