ഒരു സുനാമിക്ക് മുമ്പുള്ള ശാന്തതയെന്നോണം ഒഴിഞ്ഞുകിടക്കുകയാണ് നിലവില്‍ ഇന്ത്യയിലെ തിയേറ്ററുകള്‍. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ആളെ കയറ്റാന്‍ പാകത്തില്‍ ചിത്രങ്ങളൊന്നും തന്നെ തിയേറ്ററുകളില്ലെങ്കിലും വരാനിരിക്കുന്ന ആഴ്ച്ചകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളടക്കം വമ്പന്‍ റിലീസുകളാണ് തയ്യാറെടുക്കുന്നത്. മാര്‍ച്ച് 19 ന് വരാനിരിക്കുന്ന ധുരന്ധര്‍ 2വും ടോക്‌സിക്കുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതിനൊപ്പം മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചൈസിലെ ആട് 3 യും അന്നേ ദിവസം തിയേറ്ററിലെക്കെത്തുമ്പോള്‍ മലയാള സിനിമാ പ്രേമികള്‍ക്ക് മാര്‍ച്ച് 19 മറക്കാന്‍ പറ്റാത്ത ദിവസമാകുമെന്ന് ഉറപ്പാണ്.
ആട് 3. Photo: The Indian Express
ഇപ്പോഴിതാ ടോക്‌സിക്കിന്റയും ധുരന്ധര്‍ 2 വിന്റയും ദൈര്‍ഘ്യം സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് പ്രക്ഷകരെ അമ്പരപ്പിക്കുന്നത്. ആദ്യഭാഗത്തെ പോലെ തന്നെ ധുരന്ധറിന്റെ രണ്ടാം ഭാഗവും മൂന്ന് മണിക്കൂര്‍ 45 മിനുട്ടിന് അടുത്തുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വിശ്വസനീയമായ വൃത്തങ്ങളാണ് ചിത്രത്തിന്റെ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ടോക്‌സിക്കിന്റെ ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ 15 മിനുട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇരു ചിത്രങ്ങളും ആദ്യ ദിവസം തന്നെ തിയേറ്ററില്‍ പോയി കാണുന്ന ഒരു ശരാശരി സിനിമാ പ്രേമിക്ക് അന്നേ ദിവസം മറ്റ് ഒരു കാര്യത്തിനും സമയം കണ്ടെത്താന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. ഇതിനിടയിലേക്കാണ് വലിയ ആരാധക പിന്തുണയുള്ള ആട് 3 യും റിലീസ് ചെയ്യുന്നത്. പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മറ്റ് രണ്ട് ചിത്രങ്ങളെയും എളുപ്പത്തില്‍ കേരള ബോക്‌സ് ഓഫീസില്‍ പിന്തള്ളാന്‍ കഴിയുന്നത്ര ജനപ്രീതിയുള്ള ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആട്.
മൂന്ന് ചിത്രങ്ങളും ഒരു ദിവസം കാണണമെങ്കില്‍ പ്രേക്ഷകര്‍ സാമ്പത്തിക പരമായും ശാരീരിക പരമായും മാനസികപരമായും തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ തുടങ്ങണമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം യൂട്യൂബ് ചാനലുകളില്‍ റിവ്യൂ ചെയ്യുന്നവരുടെ അവസ്ഥ ആലോചിച്ചും പലരും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.
ധുരന്ധറിന്റെ ആദ്യ ഭാഗത്തിന് മൂന്ന് മണിക്കൂര്‍ 36 മിനുട്ട് ദൈര്‍ഘ്യം ഉണ്ടായിരുന്നുവെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മേക്കിങ് കൊണ്ടും കഥ കൊണ്ടും പ്രകടനം കൊണ്ടും ചിത്രം വന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ആറോളം ഗള്‍ഫ് രാജ്യങ്ങളിലെ വിലക്കിനെ മറികടന്നാണ് ബോക്‌സ് ഓഫീസില്‍ നിന്നും 1400 കോടി രൂപയുടെ കളക്ഷന്‍ സ്വന്തമാക്കിയത്.
Photo: Gulte.com
അതേസമയം മറുപുറത്ത് കെ.ജി.എഫ് 2 വിന് ശേഷം യഷ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകത ടോക്‌സിക്കിനുണ്ട്. മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്‌ഡേഷനുകളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: Duration of Toxic and Dhurandhar2 exceed three hour with aadu 3 releasing on same date
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ