സിനിമാജീവിതം ആരംഭിച്ച് മൂന്നര പതിറ്റാണ്ടിനോടടുക്കുമ്പോഴും തന്റെ റേഞ്ച് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ച സംഗീത സംവിധായകനാണ് എ.ആര്‍. റഹ്‌മാന്‍. പുതിയ തലമുറയില്‍ സെന്‍സേഷനായി മാറുന്ന പല സംഗീത സംവിധായകരും കടന്നുവരുമ്പോഴും അവരുടെ കൂടെ കട്ടക്ക് പിടിച്ചുനില്ക്കുന്നുണ്ട് മദ്രാസിലെ മൊസാര്‍ട്ടും. 2025 അതിനുള്ള തെളിവാണ്.
ഈ വര്‍ഷം മൂന്ന് ഭാഷകളിലായി വ്യത്യസ്ത ഴോണറുകളിലെ സിനിമകള്‍ക്ക് സംഗീതം നല്കുന്ന എ.ആര്‍. റഹ്‌മാന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ധനുഷ് നായകനാകുന്ന ഹിന്ദി ചിത്രം തേരേ ഇഷ്‌ക് മേമിന് വേണ്ടി ഒമ്പത് പാട്ടുകളാണ് എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയിട്ടുള്ളത്. ഈ പാട്ടുകളുടെയെല്ലാം മൊത്തം ദൈര്‍ഘ്യം 51 മിനിറ്റാണ്.
രണ്ടര മണിക്കൂര്‍ സിനിമയില്‍ ഒരു മണിക്കൂറിനടുത്ത് പാട്ടുകള്‍ വരുന്നത് ഈയടുത്ത കാലത്തൊന്നും കാണാത്ത പ്രതിഭാസമാണ്. റൊമാന്‍സ് ഴോണറിലൊരുങ്ങുന്ന ചിത്രത്തിന് വേണ്ടി കേള്‍വിക്കാരെ വലിച്ചടിപ്പിക്കുന്ന തരത്തിലുള്ള പാട്ടുകളാണ് റഹ്‌മാന്‍ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇത് അഞ്ചാം തവണയാണ് റഹ്‌മാനും ധനുഷും ഒരുമിക്കുന്നത്. ഇതിന് മുമ്പ് ഈ കോമ്പോ ഒന്നിച്ച മരിയന്‍, രാഞ്ചനാ, അത്‌രംഗീ രേ, രായന്‍ എന്നീ സിനിമകളിലെ പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്ററുകളായിരുന്നു. തേരേ ഇഷ്‌ക് മേം ഈ ലിസ്റ്റിലെ അവസാന എന്‍ട്രിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. ധനുഷും ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
രാഞ്ചനാ, അത്‌രംഗീ രേ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ആനന്ദ് എല്‍. റായ് തന്നെയാണ് ഈ സിനിമയുടെയും സംവിധാനം. അനൗണ്‍സ്‌മെന്റ് മുതല്‍ പലരും ചിത്രത്തിന്റെ മേലെ വലിയ പ്രതീക്ഷകളാണ് വെച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വരുംദിവസങ്ങളില്‍ പുറത്തിറങ്ങും. കൃതി സനോനാണ് ചിത്രത്തിലെ നായിക. ഏറെ കാലത്തിന് ശേഷം ധനുഷ് കോളേജ് വിദ്യാര്‍ത്ഥിയായി വേഷമിടുന്ന സിനിമ കൂടിയാണ് തേരേ ഇഷ്‌ക് മേം.
ബോളിവുഡിലെ മുന്‍നിര നിര്‍മാതാക്കളായ ടീ സീരീസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. 2022ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് ഈ വര്‍ഷമാണ് അവസാനിച്ചത്. നാല് വര്‍ഷത്തിന് ശേഷം ബോളിവുഡിലേക്കുള്ള ധനുഷിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. കുന്ദനെപ്പോലെ ശങ്കറും ബോളിവുഡ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
Content Highlight: Duration of songs in Tere Ishk mein is 51 minutes