| Wednesday, 20th May 2026, 6:00 pm

ധുരന്ധര്‍ 2: സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി? കേന്ദ്രത്തോട് വിശദീകരണം തേടി ദല്‍ഹി ഹൈക്കോടതി

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: ന്യൂദല്‍ഹി: രണ്‍വീര്‍ സിങ് നായകനായ ‘ധുരന്ധര്‍ 2: ദി റിവഞ്ച്’ (Dhurandhar: The Revenge) എന്ന ചിത്രം രാജ്യത്തിന്റെ പ്രതിരോധ, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതിയില്‍ കേന്ദ്രത്തോടും സെന്‍സര്‍ ബോര്‍ഡിനോടും വിശദീകരണമാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതി.

ആദിത്യ ധര്‍ സംവിധാനം ചെയ്ത ഈ ചിത്രം സൈനിക രഹസ്യങ്ങള്‍ പരസ്യമാക്കിയോ എന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.

സായുധ സീമ ബല്‍ (എസ്.എസ്ബി) ഹെഡ് കോണ്‍സ്റ്റബിളായ ദീപക് കുമാര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് കോടതി നടപടി.

രാജ്യത്തിന്റെ രഹസ്യ സൈനിക പ്രോട്ടോക്കോളുകള്‍, ഏജന്റുമാരുടെ വിവരങ്ങള്‍, ഡി.ആര്‍.ഡി.ഒ വികസിപ്പിക്കുന്ന ഔഷധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ സിനിമയിലെ ചില രംഗങ്ങളില്‍ വെളിപ്പെടുത്തുന്നതായി ഹരജിയില്‍ ആരോപിക്കുന്നു.

ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വീരമൃത്യു വരിച്ച സൈനികരെയും മാതൃകയാക്കിയുള്ള കഥാപാത്രങ്ങളുടെ ചിത്രീകരണം, യഥാര്‍ത്ഥ സൈനിക നീക്കങ്ങളോട് സാമ്യമുള്ള രംഗങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ സേനയുടെ പ്രവര്‍ത്തനരീതികള്‍ മനസ്സിലാക്കാന്‍ സഹായകമാകുമെന്ന ആശങ്കയുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വിവരങ്ങള്‍ സിനിമയിലൂടെ പുറത്തുവരുന്നത് ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ടിന്റെ ലംഘനമാണെന്നും, ഇത് രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഹരജി പരിഗണിച്ചത്.

സിനിമ ഒരു സാങ്കല്‍പ്പിക സൃഷ്ടിയാകാമെങ്കിലും, ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉന്നയിക്കുന്ന ആശങ്കകള്‍ വസ്തുതകളില്ലാത്തതാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിനോദത്തിനായി നിര്‍മിച്ചതാണെങ്കില്‍ പോലും സിനിമകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം അവഗണിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ഇത്തരത്തിലുള്ള സ്പൈ സിനിമകള്‍ക്ക് പ്രത്യേക മാര്‍?ഗനിര്‍ദേശങ്ങള്‍ ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഹരജിയിലെ പരാതികള്‍ ഒരു നിവേദനമായി പരിഗണിച്ച്, ഇക്കാര്യത്തില്‍ അടിയന്തരമായി ഉചിതമായ തീരുമാനമെടുക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തോടും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോടും കോടതി നിര്‍ദേശിച്ചു.

കൈക്കൊണ്ട തീരുമാനങ്ങള്‍ പരാതിക്കാരനെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Content Highlight: Durandhar 2: Did military secrets leak? Delhi High Court seeks explanation from Centre

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more