| Saturday, 20th December 2025, 3:55 pm

ദുല്‍ഖര്‍ ഒഴിവാക്കിയതെല്ലാം ഫ്‌ളോപ്പായിട്ടേയുള്ളൂ, പരാശക്തി വിജയിക്കുമോ എന്നറിയാതെ ആരാധകര്‍

അമര്‍നാഥ് എം.

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സ്റ്റാര്‍ഡം ഊട്ടിയുറപ്പിക്കാന്‍ ദുല്‍ഖറിന് സാധിച്ചു. നല്ല സിനിമകള്‍ തെരഞ്ഞെടുക്കാനാണ് ദുല്‍ഖര്‍ പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. ദുല്‍ഖര്‍ ഒഴിവാക്കിയ സിനിമകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

അടുത്തിടെ ട്രോളന്മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയ ഇന്ത്യന്‍ 2, തഗ് ലൈഫ് എന്നീ സിനിമകളിലേക്ക് ആദ്യം ദുല്‍ഖറിനെ പരിഗണിച്ചിരുന്നെന്നും എന്നാല്‍ അവസാനനിമിഷം താരം പിന്മാറിയെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ 2വില്‍ സിദ്ധാര്‍ത്ഥ് അവതരിപ്പിച്ച ചിത്ര അരവിന്ദന്‍ എന്ന കഥാപാത്രം ആദ്യം ദുല്‍ഖറിന് വേണ്ടി തയാറാക്കിയതാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 2024ലെ ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായി ഇന്ത്യന്‍ 2 മാറി.

കമല്‍ ഹാസന്‍- മണിരത്‌നം കോമ്പോയില്‍ ഒരുങ്ങിയ തഗ് ലൈഫിലും ദുല്‍ഖറിന് വേഷമുണ്ടായിരുന്നു. എന്നാല്‍ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന് ശേഷം ദുല്‍ഖര്‍ പിന്മാറുകയായിരുന്നു. അമരന്‍ എന്ന കഥാപാത്രത്തിലേക്ക് പിന്നീട് സിലമ്പരസന്‍ എത്തുകയായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി തഗ് ലൈഫ് മാറിയപ്പോള്‍ ദുല്‍ഖറിന്റെ ‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ വീണ്ടും ചര്‍ച്ചയായി.

2026 പൊങ്കലിന് റിലീസാകാനിരിക്കുന്ന പരാശക്തിയിലും ആദ്യം ദുല്‍ഖറിന് വേഷമുണ്ടായിരുന്നു. സൂര്യ, ദുല്‍ഖര്‍, നസ്രിയ എന്നിവരെ അണിനിരത്തി സുധാ കൊങ്കര സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ടായിരുന്നു ഇത്. എന്നാല്‍ സൂര്യ പിന്മാറിയതോടെ ദുല്‍ഖറും നസ്രിയയും ഒഴിവായി. 1965 പുറനാനൂറ് എന്ന് ടൈറ്റില്‍ നല്‍കിയ ചിത്രം പിന്നീട് പരാശക്തിയായി മാറുകയായിരുന്നു.

സൂര്യക്ക് പകരം ശിവകാര്‍ത്തികേയന്‍ നായകനാകുമ്പോള്‍ അഥര്‍വയാണ് ദുല്‍ഖറിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പരാശക്തി ഒരുങ്ങുന്നത്. ദുല്‍ഖര്‍ ഒഴിവാക്കിയതിനാല്‍ പരാശക്തി പരാജയമാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. വിജയ് നായകനാകുന്ന ജന നായകനുമായാണ് പരാശക്തിയുടെ ക്ലാഷ്.

1965ല്‍ കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ തമിഴ്‌നാട്ടില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കഥയാണ് പരാശക്തി പറയുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. രവി മോഹന്‍ വില്ലനായെത്തുന്ന ചിത്രത്തില്‍ മലയാളികളുടെ സ്വന്തം ബേസിലും ഭാഗമാകുന്നുണ്ട്. ജനുവരി ഒമ്പതിന് പരാശക്തി തിയേറ്ററുകളിലെത്തും.

Content Highlight: Dulquer was the first option in Parasakthi movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more