ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുകയാണ്. സര്‍വംമായയുടെ വന്‍വിജയത്തിന് ശേഷം തിയേറ്ററുകളില്‍ ഹിറ്റാകുന്ന രണ്ടാമത്തെ നിവിന്‍ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.
പൃഥ്വി നായകനായ ഖലീഫയും ദുല്‍ഖര്‍ നായകനായ ഐ ആം ഗെയിമും നിവിന്‍ ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റും ഓണത്തിന് ക്ലാഷ് റിലീസാകുമെന്ന് കരുതിയിരുന്നെങ്കിലും ദുല്‍ഖറിന്റെ ചിത്രം റീലീസ് നീട്ടിവെക്കുകയായിരുന്നു.
ഇപ്പോള്‍ ബെത്‌ലഹേമിന്റെ വിജയത്തിന് ശേഷം ദുല്‍ഖര്‍ തനിക്കയച്ച മെസ്സേജിനെ കുറിച്ചും ദുല്‍ഖര്‍ സല്‍മാനുമൊത്തുള്ള പുതിയ സിനിമയുടെ ആലോചനകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടന്‍ നിവിന്‍ പോളി.
ചിത്രം മികച്ച വിജയം നേടിയപ്പോള്‍ ദുല്‍ഖര്‍ ആശംസകള്‍ അറിയിച്ച് സന്ദേശമയച്ചിരുന്നുവെന്നും, അടുത്ത ഓണത്തിന് ഒരുമിച്ച് ഒരു സിനിമയുമായി എത്താമെന്ന് ദുല്‍ഖര്‍ പറഞ്ഞതായും നിവിന്‍ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘ഞാനും ദുല്‍ഖറും ബോംബെയില്‍ വെച്ച് ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ചാണ് ഒരുപാട് നാളുകള്‍ക്ക് ശേഷം കാണുന്നത്. അന്ന് അവിടെ ഒരു നൈറ്റ് പാര്‍ട്ടിയൊക്കെയുണ്ടായിരുന്നു. ഒരുപാട് നേരം ഞാനും ദുല്‍ഖറും സംസാരിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എങ്ങനെയായിരുന്നോ അതേ വൈബില്‍ തന്നെയായിരുന്നു ദുല്‍ഖര്‍. 10 വര്‍ഷം സിനിമാ ചര്‍ച്ചകളില്ലാതെ മുന്നോട്ടുപോയി. ഇനി അങ്ങനെ വേണ്ട, നമുക്ക് ഒരുമിച്ച് സിനിമ ചെയ്യാമെന്ന് ആലോചിച്ചു.
ദുല്‍ഖറിന്റെ സൈഡില്‍ നിന്നും നമ്മുടെ സൈഡില്‍ നിന്നും ആലോചനകള്‍ നടക്കുന്നുണ്ട്. ഒരു ഗംഭീര സ്‌ക്രിപ്റ്റ് വന്നാല്‍ ചെയ്യാം എന്ന പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് കൂടി ഞങ്ങള്‍ സംസാരിച്ചിരുന്നു.
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വര്‍ക്കായപ്പോള്‍ ദുല്‍ഖര്‍ മെസ്സേജ് അയച്ചിരുന്നു. ‘പെട്ടെന്ന് തന്നെ ഒരു സ്‌ക്രിപ്റ്റ് കിട്ടട്ടെ, അടുത്ത ഓണത്തിന് നമുക്ക് ഒരുമിച്ച് ഇറങ്ങാം’ എന്ന് പറഞ്ഞു. ഈ ഓണത്തിന് രണ്ടുപേരുടെയും സിനിമകള്‍ രണ്ടായിട്ട് ഇറങ്ങാനിരുന്നതാണല്ലോ.
ഞാനും ദുല്‍ഖറും ഒരുപോലെ ഹാപ്പിയാകുന്ന ഒരു സ്‌ക്രിപ്റ്റും സംവിധായകനും ഒത്തുവരണം. അങ്ങനെ ഒരു കോമ്പിനേഷന്‍ വന്നാല്‍ തീര്‍ച്ചയായും ഞങ്ങള്‍ക്കതൊന്ന് ട്രൈ ചെയ്യണമെന്നുണ്ട്.
‘ബാംഗ്ലൂര്‍ ഡെയ്സ്’ ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഞങ്ങള്‍ക്കിടയില്‍ വലിയൊരു കെമിസ്ട്രി ഉണ്ടാക്കിയ സിനിമയാണ്. അവിടുന്ന് തുടങ്ങിയ സൗഹൃദമാണത്. നല്ലൊരു സമയം വരികയാണെങ്കില്‍ ആ സിനിമ നടക്കട്ടെ,’ നിവിന്‍ പറഞ്ഞു.
Content Highlight: Dulquer texted me after ‘Bethlehem’s success, suggested a joint release next Onam Nivin Pauly