മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മോളിവുഡില്‍ ഏറ്റവും വലിയ ക്രൗഡ് പുള്ളറായിട്ടുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമാലോകത്തേക്കെത്തിയ താരം പിന്നീട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയിരുന്നു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റ് ഭാഷകളിലും താരം തന്റെ സ്ഥാനം സ്വന്തമാക്കി.
മലയാളത്തിലേത് പോലെ തെലുങ്കിലും വലിയ ഫാന്‍ബേസാണ് ദുല്‍ഖറിനുള്ളത്. മലയാളത്തെക്കാള്‍ തെലുങ്ക് സിനിമകള്‍ക്കാണ് താരം ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ തെലുങ്കില്‍ ചെയ്യുമ്പോള്‍ മലയാളത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ സിനിമകള്‍ ചെയ്യുന്ന താരത്തിന്റെ കരിയര്‍ പ്ലാനിങ്ങിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുണ്ട്.
കാന്തക്ക് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രമാണ് ആകാസം ലോ ഒക്ക താര. അനൗണ്‍സ്മെന്റ് മുതല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ് ഇത്. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. തെലുങ്കിലെയും മലയാളത്തിലെയും തന്റെ സ്ക്രിപ്റ്റ് സെലക്ഷനെക്കുറിച്ചായിരുന്നു ദുല്‍ഖര്‍ സംസാരിച്ചത്.
‘ഡബ്ബ് ചെയ്യുന്ന സമയത്ത് ഞങ്ങളുടെ ടീമിന് ഈ സിനിമ ഒരു തെലുങ്ക് പടമായിട്ട് തോന്നിയിട്ടേയില്ല. ട്രാന്‍സ്ലേറ്റ് ചെയ്യുന്ന സമയത്ത് ‘ഇത് മലയാള പടം പോലെയുണ്ടല്ലോ’ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എവിടെയോ ഞാന്‍ വായിച്ചിരുന്നു, ‘ദുല്‍ഖര്‍ തെലുങ്കില്‍ പോയി മലയാളം പടം ചെയ്യുകയും മലയാളത്തില്‍ തെലുങ്ക് പടം ചെയ്യുകയുമാണ്’ എന്നത്.
വായിച്ചപ്പോള്‍ അത് ശരിയാണല്ലോ എന്ന് തോന്നി. ആകാസം ലോ ഒക്ക താരയിലേക്ക് വന്നാല്‍ ഇന്ത്യയിലെ ഏതൊരു ഗ്രാമത്തിലും നടക്കാന്‍ സാധ്യതയുള്ള കഥയാണ്. നമുക്ക് എല്ലാവര്ക്കും ചെറുപ്പം മുതല്ക്കേ എന്തെങ്കിലും സ്വപ്നം ഉണ്ടാകും. ആ സ്വപ്നം നടത്തിയെടുക്കാന്‍ നമ്മള് ചിലപ്പോള്‍ ശ്രമിക്കും. ഈ സിനിമ അത്തരമൊരു സ്വപ്നത്തിന്റെ കഥയാണ്,’ ദുല്‍ഖര്‍ പറയുന്നു.
കഥ ഗംഭീരമായതുകൊണ്ട് തെലുങ്കിലെ നാല് പ്രൊഡക്ഷന്‍ ഹൗസുകള്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നതെന്നും താരം പറഞ്ഞു. അല്ലു അരവിന്ദിന്റെ ഗീത ആര്‍ട്സ്, സ്വപ്ന സിനിമാസ്, ലക്കി ഭാസ്കറിന്റെ നിര്‍മാതാക്കള്‍ വൈജയന്തി നെറ്റ്വര്‍ക്ക്, ലൈറ്റ്ബോക്സ് മീഡിയ എന്നിവരാണ് നിര്‍മാതാക്കളെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാതരം പ്രേക്ഷകര്‍ക്കും ചിത്രം ഇഷ്ടമാകുമെന്നും താരം പറയുന്നു.
Content Highlight: Dulquer Saying he saw the trolls about his script selection