| Sunday, 9th November 2025, 9:26 pm

ലോകയുടെ രണ്ടാം ഭാഗം റിലീസ് എന്ന്? മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ പുതിയ ബെഞ്ച് മാര്‍ക് സൃഷ്ടിച്ചുകൊണ്ടാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര ചരിത്രമെഴുതിയത്. അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമാണിത്. കല്യാണി പ്രിയദര്‍ശനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

കേരളത്തിന്റെ സ്വന്തം മിത്തായ കള്ളിയങ്കാട്ട് നീലിയെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചപ്പോള്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. ലോകയില്‍ ഡി.ക്യുവും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ദുല്‍ഖറിന്റെ കഥ സിനിമാറ്റിക് യൂണിവേഴ്‌സിലെ വരും സിനിമകളില്‍ ഉണ്ടായേക്കും.

ചാപ്റ്റര്‍ വണ്ണിന്റെ ഗംഭീര വിജയത്തിന് പിന്നാലെ ചാപ്റ്റര്‍ ടുവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടാം ഭാഗത്തില്‍ ടൊവിനോ തോമസ് അവതരിപ്പിച്ച ചാത്തന്റെ കഥയാണ് പറയുന്നത്. ചാത്തന്‍മാര്‍ വരും എന്ന് പറഞ്ഞുകൊണ്ടാണ് ആദ്യ ഭാഗം അവസാനിക്കുന്നത്.

രണ്ടാം ഭാഗം എന്ന് പുറത്തിറങ്ങും എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ പുതിയ ചിത്രമായ കാന്തയുടെ പ്രൊമോഷന്റെ ഭാഗമായി ആരാധകരുമായി നടത്തിയ ഇന്ററാക്ടീവ് സെഷനിലാണ് ദുല്‍ഖര്‍ ചോദ്യത്തിന് മറുപടി നല്‍കുന്നത്.

രണ്ടാം ഭാഗമെന്നാണ് ചോദിച്ച് താന്‍ സംവിധായകനായ ഡൊമനിക് അരുണിനെ ഇടയ്ക്കിടെ വിളിക്കാറുണ്ടെന്നാണ് താരം ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്.

രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന മൂത്തോന്‍ എന്ന കഥാപാത്രത്തിന്റെ കാമിയോ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഡൊമനിക്കും ശാന്തി ബാലകൃഷ്ണനും കഥ പൂര്‍ത്തിയാക്കാന്‍ അവസരം കൊടുക്കൂ എന്നും ദുല്‍ഖര്‍ പറഞ്ഞു.

അതേസമയം, ദുല്‍ഖര്‍ നായകനാകുന്ന കാന്ത റിലീസിനൊരുങ്ങുകയാണ്. നവംബര്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ ഗ്രേ ഷെയ്ഡുള്ള കഥാപാത്രമയാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്.

നവാഗതനായ സെല്‍വരാജ് സെല്‍വമണി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാന്താ. 1950കളുടെ പശ്ചാത്തലത്തില്‍ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നടന്ന കഥയാണ് ചിത്രത്തിന്റേത്. സൂപ്പര്‍സ്റ്റാര്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ കാന്തായില്‍ വേഷമിടുന്നത്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ ഭാഗ്യശ്രീ ബോസാണ് ചിത്രത്തിലെ നായിക.

റാണാ ദഗ്ഗുബട്ടി, സമുദ്രക്കനി എന്നിവരും കാന്തായില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും റാണാ ദഗ്ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേര്‍ന്നാണ് കാന്താ നിര്‍മിക്കുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുങ്ങിയ ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും. ദുല്‍ഖറിന്റെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്ന് കൂടിയാണ് കാന്താ.

Content Highlight: Dulquer Salman about Lokah Chapter 2

We use cookies to give you the best possible experience. Learn more