| Thursday, 26th November 2026, 8:21 pm

അച്ഛനായാലും അനിയനായാലും ഭര്‍ത്താവായാലും സ്ത്രീകളോട് അരുത് എന്ന് പറയാന്‍ അവകാശമില്ല: ദുല്‍ഖര്‍ സല്‍മാന്‍

അശ്വിന്‍ രാജേന്ദ്രന്‍

അരങ്ങേറ്റം കുറിച്ച ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി മറ്റൊരു മേഖലയില്‍ നായകനായെത്തുക എന്നതും ഒരു വലിയ ഫാന്‍ബേസ് ഉണ്ടാക്കി എടുക്കുക എന്നതും ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. കാമിയോ ആയി പലരും ഭാഷ മാറി അഭിനയിക്കാറുണ്ടെങ്കിലും ഒരു മാസ് അപ്പീല്‍ എന്നതിനപ്പുറത്തേക്ക് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുക എന്നത് പ്രയാസമാണ്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്ന അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍.

ആകാശത്തില്‍ ഒരു താരകം. Photo: X.com

സെക്കന്‍ഡ് ഷോയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയും മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ തന്റേതായ ഐഡിന്റിറ്റി ഉണ്ടാക്കിയെടുക്കുകയും ചെയ്ത താരം സമീപകാലത്തായി തെലുങ്കിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സീതാരാമം, ലക്കി ബാസ്‌ക്കര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ടോളിവുഡില്‍ തന്റെതായ സ്ഥാനം സൃഷ്ടിച്ചെടുത്ത ദുല്‍ഖര്‍ മറ്റൊരു ക്വാളിറ്റി ചിത്രവുമായിട്ടായിരുന്നു കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയത്.

പവന്‍ സാദിനേനി സംവിധാനം ചെയ്ത ആകാശത്തില്‍ ഒരു താരകം (എ.ഒ.ടി) എന്ന ചിത്രത്തിന് ആദ്യ ദിന ഷോയ്ക്ക് പിന്നാലെ ആഗോള തലത്തില്‍ മികച്ച പ്രതികരണമായിരുന്നു സ്വന്തമാക്കാന്‍ സാധിച്ചത്. ശക്തമായ മെസേജ് നല്‍കുന്ന, ഇമോഷണലി കണ്ക്ട് ചെയ്യുന്ന ഫീല്‍ ഗുഡ് ചിത്രമായിട്ടായിരുന്നു സംവിധായകന്‍ എ.ടി.ഒ ഒരുക്കിയത്. ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കല്പന (സാത്വിക വീരവള്ളി) എന്ന പെണ്‍കുട്ടിയുടെ ബഹിരാകാശ യാത്ര എന്ന സ്വപ്നത്തെയും അതിന് വേണ്ടി ആത്മാര്‍ത്ഥമായി പിന്തുണക്കുന്ന കൃഷ്ണ (ദുല്‍ഖര്‍) എന്ന ചെറുപ്പക്കാരനെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആകാശത്തില്‍ ഒരു താരകം. Photo: X.com

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രം നല്‍കുന്ന സന്ദേശത്തെ കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ദുല്‍ഖര്‍സല്‍മാന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘മറ്റൊരാളെ നിയന്ത്രിക്കാന്‍ നമ്മളാരാണ്?, ഇത് അവരുടെ ജീവിതമാണ്, ഒരു ഭര്‍ത്താവായാലും, സഹോദരനായാലും, അച്ഛനായാലും സ്ത്രീകളെന്ത് ചെയ്യണമെന്ന് പറയാനോ അവര്‍ക്ക് എന്തിനെങ്കിലും അനുമതി നല്‍കാനോ ആരും ആളല്ല. ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. അവളോട് ഞാന്‍ പഠിക്കരുതെന്ന് മാത്രം പറഞ്ഞില്ല എന്നാണത്,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: Dulquer Salmaan talks about woman rights and his character in Aakasam Lo Oka tara movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more