കല്യാണി പ്രിയദര്‍ശന്‍ – നസ്‌ലെന്‍ കൂട്ടുകെട്ടില്‍ ആദ്യമായി എത്തിയ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസിന്റെ മൂന്ന് സിനിമകളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായാണ് ലോകഃ ഒരുങ്ങിയത്.
ഓണം റിലീസായി തിയേറ്ററില്‍ എത്തിയ ഈ സിനിമക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇപ്പോള്‍ ലോകഃ സിനിമ ആളുകള്‍ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
‘എന്താണ് ഇപ്പോള്‍ സംഭവിച്ചത്? എന്താണ് നടക്കുന്നത്? ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ ആ മൂഡിലാണ് നില്‍ക്കുന്നത്. ഞങ്ങള്‍ക്കൊക്കെ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ലോകഃ എന്ന സിനിമ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഇത്രയും ഇഷ്ടപ്പെടുമെന്ന് കരുതിയതല്ല,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
ഒരു ചെറിയ സ്വപ്‌നം വെച്ച് തുടങ്ങിയതായിരുന്നു ഈ സിനിമയെന്നും അതിന്റെ ഫുള്‍ ക്രെഡിറ്റും കൊടുക്കേണ്ടത് ലോകഃയുടെ ടീമിനാണെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയുടെ പ്രൊഡ്യൂസറാകാന്‍ സാധിച്ചു എന്നത് തന്റെ ഭാഗ്യമാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. തിയേറ്റര്‍ വിസിറ്റിനിടയില്‍ സംസാരിക്കുകയായിരുന്നു നടന്‍.
ലോകഃയില്‍ ടൊവിനോ തോമസ് ഒരു എക്‌സ്‌റ്റെന്‍ഡഡ് കാമിയോയായി എത്തുന്നുണ്ട്. താന്‍ അത്രയും അധികം ആഗ്രഹിച്ചിരുന്ന ഒരു വിജയമാണ് ലോകഃ സിനിമ ഇപ്പോള്‍ നേടിയിരിക്കുന്നതെന്നാണ് ടൊവിനോ പറയുന്നത്.
‘ഈ സിനിമ തുടങ്ങുന്നത് മുതല്‍ ഇപ്പോള്‍ വരെ നോക്കുകയാണെങ്കില്‍ ഞാന്‍ ഒരുപാട് സന്തോഷത്തിലാണ്. ഒരുപക്ഷെ ഡൊമിനിക്കിന്റെ (സംവിധായകന്‍ ഡൊമിനിക് അരുണ്‍) അത്ര തന്നെയോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ ആയിട്ടുള്ള അഭിമാനത്തിലാണ് ഞാന്‍ നില്‍ക്കുന്നത്,’ ടൊവിനോ തോമസ് പറഞ്ഞു.
താന്‍ വളരെ കുറഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് ലോകഃയുടെ ഷൂട്ടില്‍ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ആ ദിവസങ്ങളില്‍ തങ്ങള്‍ക്ക് വളരെ രസകരമായിട്ടാണ് തോന്നിയതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര:
നവാഗതനായ ഡൊമിനിക് അരുണ്‍ കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. തന്റെ ഗോത്രത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ചന്ദ്ര എന്ന അത്ഭുതസിദ്ധിയുള്ള പെണ്‍കുട്ടിയെ കുറിച്ചും അതിനിടയില്‍ അവള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചുമാണ് ചിത്രം പറഞ്ഞത്.
ചന്ദ്രയായി എത്തിയത് കല്യാണി പ്രിയദര്‍ശനാണ്. കല്യാണിക്കും നസ്ലെനും പുറമെ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, തമിഴ് നടനും കൊറിയോഗ്രാഫറുമായ സാന്‍ഡി, വിജയരാഘവന്‍, നിഷാന്ത് സാഗര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
Content Highlight: Dulquer Salmaan Talks About Lokah Movie Success