| Monday, 24th August 2026, 10:15 pm

തമിഴിലേക്ക് നന്നായി ഡബ്ബ് ചെയ്തിട്ടുണ്ട്, ഒരു തമിഴ് ചിത്രമെന്ന നിലയില്‍ തന്നെ അത് വര്‍ക്ക് ചെയ്യും: ദുല്‍ഖര്‍ സല്‍മാന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയിലെ അമരക്കാരിലൊരാളായ സൂപ്പര്‍ താരം മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയിലെത്തിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ സ്വപ്രയത്നത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു. തെലുങ്കിലും ഹിന്ദിയിലും തമിഴിലും വമ്പന്‍ ഹിറ്റ് ചിത്രങ്ങളില്‍ നായകനായി കൊണ്ടാണ് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ദുല്‍ഖര്‍ സ്വന്തമാക്കിയത്. സീതാരാമം, കണ്ണും കണ്ണും കൊള്ളയടിത്താല്‍, കാന്ത, ലക്കി ഭാസ്‌കര്‍ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലാണ് ദുല്‍ഖര്‍ അന്യഭാഷയില്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ വലിയ ഫാന്‍ബേസ് സൃഷ്ടിക്കാനും ദുല്‍ഖറിന് സാധിച്ചിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍. Photo: X.com

ഓണം റിലീസായി എത്താനിരുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് നായകനായ ഐ ആം ഗെയിം ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ നാലിലേക്ക് മാറ്റിവെക്കുകയായിരുന്നു. വലിയ വിമര്‍ശനങ്ങളായിരുന്നു ഇതിന് പിന്നാലെ ദുല്‍ഖറിന് നേരിടേണ്ടി വന്നത്. എന്നാല്‍ നിവിന്‍ പോളി ചിത്രം ബെത്‌ലഹേമിന് മികച്ച പ്രതികരണം ലഭിച്ചതോടെ ദുല്‍ഖറിന്റെ തീരുമാനം ശരിയായിരുന്നുവെന്നും പലരും അഭിപ്രായമറിയിച്ചു.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഐ ആം ഗെയിമിനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തെ കുറിച്ച് ആദ്യമായാണ് ദുല്‍ഖര്‍ വിശദമായി സംസാരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

‘ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ആളുകള്‍ ഫ്രെഷായിട്ടുള്ള എന്തെങ്കിലും ഒരു സബ്‌ജെക്ടാണ് പ്രതീക്ഷിക്കുന്നത്. അത് വലിയ ബാധ്യതയാണ്. അത്തരത്തിലുള്ള തിരക്കഥകള്‍ കണ്ടെത്തുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. വരാനിരിക്കുന്ന ചിത്രമായ ഐ ആം ഗെയിം ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ്. സാധാരണയായി എന്റെ ചിത്രങ്ങളില്‍ നല്ല കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന കഥാപാത്രങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇതില്‍ ഞാന്‍ ജനിച്ചുപോയല്ലോ എന്ന് മാതാപിതാക്കള്‍ പശ്ചാതപിക്കുന്ന ഒരു ബാഡ് ബോയ് കഥാപാത്രമാണ്.

ഐ ആം ഗെയിം. Photo: District

ഇത് പ്രൊമോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ കരുതുന്നത്. റിലീസിന് ശേഷം ചിത്രത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ സാധിക്കും. ട്രെയ്‌ലര്‍ കണ്ടാല്‍ നിങ്ങള്‍ക്ക് കഥ മനസിലായിക്കോളണം എന്നില്ല. ചിത്രത്തിന് ഒരു യൂണിവേഴ്‌സല്‍ അപ്പീലുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ തമിഴ് ഡബ്ബ് നന്നായി ചെയ്തിട്ടുണ്ട്. ഒരു തമിഴ് ചിത്രമെന്ന നിലയില്‍ തന്നെ അത് വര്‍ക്കാവും,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: Dulquer Salmaan talks about I’m Game movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more