മലയാളത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ തലത്തില്‍ മാര്‍ക്കറ്റ് സൃഷ്ടിച്ച അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ ദുല്‍ഖര്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ സ്വന്തം സ്ഥാനം സൃഷ്ടിച്ചെടുക്കുകയും അന്യഭാഷാ സിനിമകളില്‍ സജീവമാകുകയും ചെയ്യുകയായിരുന്നു. ഹിന്ദിയിലും തെലുങ്കിലും തമിഴിലും നായകവേഷത്തിലെത്തിയ താരത്തിന്റെ ഒരുപാട് ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീതാരാമം, ലക്കി ബാസ്‌കര്‍, കാന്ത തുടങ്ങി നിരൂപക പ്രശംസ നേടിയ ഒട്ടനവധി ചിത്രങ്ങളായിരുന്നു ദുല്‍ഖര്‍ അന്യഭാഷയില്‍ ചെയ്തത്.
ഐ ആം ഗെയിം. Photo: X.com
2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ നായകനായ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം റിലീസായ ഐ ആം ഗെയിം. ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ദുല്‍ഖറിന്‍ ഉടമസ്ഥയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെ നിര്‍മിച്ച ഐ ആം ഗെയിം മലയാളത്തിലെ തന്നെ ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയായിരുന്നു തിയേറ്ററുകളിലെത്തിയത്.
വര്‍ഷങ്ങള്‍ കൊണ്ട് താന്‍ ഉണ്ടാക്കിയെടുത്ത പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം പൂര്‍ണമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ഭാഷകളിലായി വമ്പന്‍ റിലീസാണ് ദുല്‍ഖര്‍ ഐ ആം ഗെയിമിനായി ഒരുക്കിയത്. ചിത്രത്തിനായി തമിഴ്‌നാട്ടിലും തെലങ്കാനയിലും വമ്പന്‍ പ്രൊമോഷന്‍ ഇവന്റുകളും അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു.
ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരിയുമായി നടത്തിയ സംഭാഷണത്തിനിടെ ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ സിനിമയായ ഉസ്താദ് ഹോട്ടലിലെ ഒരു ഡയലോഗിനെ കുറിച്ചും അത് എപ്രകാരം സിനിമയില്‍ പ്രായോഗികമാക്കാം എന്നതിനെ കുറിച്ചും പറയുന്ന താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്.
‘ഉസ്താദ് ഹോട്ടലില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ഡയലോഗുണ്ട്. സുലൈമാനിയിലെ അഥവാ ബ്ലാക്ക് ടീയിലെ സീക്രട്ട് ഇന്‍ഗ്രീഡിയന്റ് മൊഹബത്താണ് എന്നാണ് ചിത്രത്തില്‍ പറയുന്നത്. മൊഹബത്ത് എന്ന് പറഞ്ഞാല്‍ സ്‌നേഹം. നിങ്ങള്‍ എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോള്‍ സ്‌നേഹം ചേര്‍ത്താല്‍ അത് നന്നായി വരും. അത് ഭക്ഷണമോ, സിനിമയോ, വീട് നിര്‍മാണമോ എന്ത് തന്നെയോ ആയിക്കോട്ടെ.
ഐ ആം ഗെയിം. Photo: X.com
കണക്കുകളെ കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ സ്‌നേഹത്തോടെ സിനിമകള്‍ ചെയ്താല്‍ അത് നന്നായി വരും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്ര കോടി വെച്ച് ഒരു സിനിമ ചെയ്യാമെന്നും അതിന് ഇത്ര കോടി തിരിച്ച് കിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നാല്‍ കാര്യങ്ങള്‍ ശരിയാവില്ല. അങ്ങനെയല്ല നമ്മുടെ ഇന്‍ഡസ്ട്രി വര്‍ക്ക് ചെയ്യുന്നത്,’ദുല്‍ഖര്‍ പറഞ്ഞു.
Content Highlight: Dulquer Salmaan talks about his movies quoting a dialogue in Ustad Hotel movie