ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയൊട്ടാകെ മികച്ച ആരാധക കൂട്ടം സ്വന്തമാക്കിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ കരിയര്‍ ആരംഭിച്ച ദുല്‍ഖര്‍, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്നെ തന്റെ സാന്നിധ്യം ഇതിനോടകം അറിയിച്ചിരുന്നു. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയും ഈ വര്‍ഷം പുറത്തിറങ്ങിയ ഐ ആം ഗെയിമും മാറ്റി നിര്‍ത്തിയാല്‍ താരം ശ്രദ്ധ കേന്ദ്രീകരിച്ചത് തെലുങ്കിലായിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു തെലുങ്കില്‍ ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയത്.
ആകാസം ലോ ഒക്ക താര. Photo: X.com
സീതാരാമം, ലക്കി ബാസ്‌ക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ടോളിവുഡില്‍ വലിയ ഫാന്‍ബേസുണ്ടാക്കിയ താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന ആകാസം ലോ ഒക്ക താര. നവംബര്‍ 20ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെതായി പുറത്തുവിട്ട ട്രെയ്ലറാണ് ഇപ്പോള്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.
ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുമുള്ള പെണ്‍കുട്ടി തന്റെ പരിമിതികളെ അതിജീവിച്ചുകൊണ്ട് ബഹിരാകാശ സഞ്ചാരിയാകാന്‍ നടത്തുന്ന പ്രയത്നങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. കഥാപശ്ചാത്തലത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന വിധത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ബഹിരാകാശത്തെ വിഷ്വല്‍സും റോക്കറ്റുകളും സ്പേസ് റിസര്‍ച്ചുമായി ബന്ധപ്പെട്ട മറ്റ് വിഷ്വല്‍സുമെല്ലാം മികച്ച രീതിയലാണ് ചിത്രത്തില്‍ ഒരുക്കിയതെന്ന് ട്രെയ്ലര്‍ സൂചന നല്‍കുന്നു.
കൊച്ചിയിലും ഹൈദരബാദിലും ചിത്രത്തിന്റെ പ്രൊമോഷനായി വമ്പന്‍ പരിപാടികളായിരുന്നു അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ജെ.ആര്‍.സി കണ്‍വെക്ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ദുല്‍ഖറിനും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം സൂപ്പര്‍താരം അല്ലു അര്‍ജുനും പങ്കെടുത്തിരുന്നു. അല്ലുവിന്റെ പിതാവ് അല്ലു അരവിന്ദ് ആകാസം ലോ ഒക്ക താരയുടെ നിര്‍മാതാക്കളിലൊരാള്‍ കൂടിയാണ്. പുഷ്പ 2വിന് ശേഷം ഇതാദ്യമായാണ് അല്ലു അര്‍ജുന്‍ ഒരു ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റില്‍ പങ്കെടുക്കുന്നത്.
Content Highlight: Dulquer Salmaan starrer Aakasam Lo Oka tara trailer out