അരങ്ങേറ്റം കുറിച്ച ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി മറ്റൊരു മേഖലയില്‍ നായകനായെത്തുക എന്നതും ഒരു വലിയ ഫാന്‍ബേസ് ഉണ്ടാക്കി എടുക്കുക എന്നതും ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. കാമിയോ ആയി പലരും ഭാഷ മാറി അഭിനയിക്കാറുണ്ടെങ്കിലും ഒരു മാസ് അപ്പീല്‍ എന്നതിനപ്പുറത്തേക്ക് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുക എന്നത് പ്രയാസമാണ്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്ന അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍.
സെക്കന്‍ഡ് ഷോയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയും മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ തന്റേതായ ഐഡിന്റിറ്റി ഉണ്ടാക്കിയെടുക്കുകയും ചെയ്ത താരം സമീപകാലത്തായി തെലുങ്കിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സീതാരാമം, ലക്കി ബാസ്‌ക്കര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ടോളിവുഡില്‍ തന്റെതായ സ്ഥാനം സൃഷ്ടിച്ചെടുത്ത ദുല്‍ഖര്‍ മറ്റൊരു ക്വാളിറ്റി ചിത്രവുമായിട്ടായിരുന്നു കഴിഞ്ഞയാഴ്ച തിയേറ്ററുകളിലേക്കെത്തിയത്.
ആകാശത്തില്‍ ഒരു താരകം. Photo: X.com
പവന്‍ സാദിനേനി സംവിധാനം ചെയ്ത ആകാശത്തില്‍ ഒരു താരകം (എ.ഒ.ടി) എന്ന ചിത്രത്തിന് ആദ്യ ദിന ഷോയ്ക്ക് പിന്നാലെ ആഗോള തലത്തില്‍ മികച്ച പ്രതികരണമായിരുന്നു സ്വന്തമാക്കാന്‍ സാധിച്ചത്. ശക്തമായ മെസേജ് നല്‍കുന്ന, ഇമോഷണലി കണ്ക്ട് ചെയ്യുന്ന ഫീല്‍ ഗുഡ് ചിത്രമായിട്ടായിരുന്നു സംവിധായകന്‍ എ.ഒ.ടി ഒരുക്കിയത്. ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കല്പന (സാത്വിക വീരവള്ളി) എന്ന പെണ്‍കുട്ടിയുടെ ബഹിരാകാശ യാത്ര എന്ന സ്വപ്നത്തെയും അതിന് വേണ്ടി ആത്മാര്‍ത്ഥമായി പിന്തുണക്കുന്ന കൃഷ്ണ (ദുല്‍ഖര്‍) എന്ന ചെറുപ്പക്കാരനെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റിലീസ് ദിനം മുതല്‍ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ആഗോളതലത്തില്‍ ലഭിച്ചത്. കേരളത്തിലും ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. തെലുങ്കില്‍ താരം ചെയ്ത മറ്റൊരു മലയാള ചിത്രമാണ് ആകാശത്തില്‍ ഒരു താരകം എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ റിലീസ് ചെയ്തതിന് ശേഷമുള്ള അഞ്ച് ദിവസങ്ങളിലെ കേരള ബോക്‌സ് ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. കുറഞ്ഞ സ്‌ക്രീനുകളാണെങ്കിലും മികച്ച പ്രകടനമാണ് ചിത്രം കേരള ബോക്‌സ് ഓഫീസില്‍ കാഴ്ചവെക്കുന്നത്.
ആകാശത്തില്‍ ഒരു താരകം. Photo: X.com
ഓപ്പണിങ് ദിനത്തില്‍ 59 ലക്ഷം ലഭിച്ച ചിത്രത്തിന് രണ്ടാം ദിനത്തില്‍ ഇരട്ടിയിലധികമായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. 1.13 കോടിയുമായി രണ്ടാം ദിനത്തിലും 1.63 കോടിയുമായി മൂന്നാം ദിനത്തിലും ചിത്രം ശക്തമായ മത്സരം കാഴ്ചവെച്ചപ്പോള്‍ നാല് അഞ്ച് ദിവസങ്ങളില്‍ യഥാക്രമം 98 ലക്ഷവും 92 ലക്ഷവുമാണ് ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ആറാം ദിനത്തിലും മികച്ച റെസ്‌പോണ്‍സാണ് ദുല്‍ഖര്‍ ചിത്രത്തിന് മലയാളി പ്രേക്ഷകരുടെ അടുത്ത് നിന്നും ലഭിക്കുന്നത്.
Content Highlight: Dulquer Salmaan starrer aakasam lo oka tara movie kerala box office collection