| Monday, 16th November 2026, 6:30 pm

സെക്കന്‍ഡ് ഷോ ചെയ്യുന്ന സമയത്ത് ആ ഗ്രാമത്തിലെ വീട്ടില്‍ അല്ലു അര്‍ജുന്റെ ഫോട്ടോ കണ്ടിട്ടുണ്ട്, അദ്ദേഹം അന്നേ കേരളത്തില്‍ സ്റ്റാറാണ്: ദുല്‍ഖര്‍ സല്‍മാന്‍

അമര്‍നാഥ് എം.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരസംഗമമായിരുന്നു കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്നത്. ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താരയുടെ പ്രീ റിലീസ് ഇവന്റ് ഹൈദരബാദിലെ ജെ.ആര്‍.സി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചിരുന്നു. ഇവന്റിന്റെ മുഖ്യാതിഥിയായി എത്തിയത് സാക്ഷാന്‍ അല്ലു അര്‍ജുനായിരുന്നു.

പുഷ്പ 2ന് ശേഷം അല്ലു അര്‍ജുന്‍ മറ്റൊരു സിനിമയുടെ പ്രൊമോഷന് പങ്കെടുത്തത് ആകാസം ലോ ഒക്ക താരയ്ക്ക് വേണ്ടിയാണ്. അല്ലുവിന്റെ അച്ഛന്‍ അല്ലു അരവിന്ദ് ചിത്രത്തിന്റെ നിര്‍മാതാക്കളിലാലൊരാളാണ്. ഐക്കണ്‍ സ്റ്റാറും ഡി.ക്യുവും ഒന്നിച്ചുള്ള ഫോട്ടോയായിരുന്നു കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചത്.

അല്ലു അര്‍ജുന്‍, ദുല്‍ഖര്‍ സല്‍മാന്‍ Photo: Swapna Cinema/ Facebook

തെലുങ്ക് നടനാണെങ്കിലും മലയാളത്തില്‍ വലിയ ഫാന്‍ബേസ് അല്ലുവിനുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ വേദിയെ ഇളക്കിമറിച്ചു. താന്‍ സിനിമയിലെത്തുന്നതിന് മുന്നേ അല്ലു അര്‍ജുന്‍ കേരളത്തില്‍ സ്റ്റാറായിരുന്നെന്നും പലപ്പോഴും ആ ഫാന്‍ബേസ് നേരിട്ട് കണ്ടിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. അല്ലുവിന്റെ സ്റ്റാര്‍ഡം വെളിവാക്കിയ രണ്ട് സംഭവങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചു.

‘എന്റെ ആദ്യത്തെ പടത്തിന്റെ ഷൂട്ട് കേരളത്തില്‍ നടക്കുകയായിരുന്നു. കോഴിക്കോടാണ് മെയിന്‍ ലൊക്കേഷന്‍. ആ സമയത്ത് ഞാന്‍ വളരെ നെര്‍വസായിരുന്നു. ആ പടത്തില്‍ എന്റെ കഥാപാത്രത്തിന്റേത് ഒരു ചെറിയ വീടാണ്. ആ വീട്ടില്‍ ഗോദ്രേജിന്റെ ഒരു അലമാരയുണ്ടായിരുന്നു. അതില്‍ ഒരേയൊരു നടന്റെ ഫോട്ടോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ബണ്ണിയുടേതായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ Photo: Screen grab/ Shreyas Media

ഹൈദരബാദില്‍ നിന്നുള്ള ഒരു തെലുങ്ക് സ്റ്റാറിന് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ വരെ റീച്ചുള്ളത് എന്നെ അത്ഭുതപ്പെടുത്തി. ആ വീട്ടിലെ കുട്ടികളോട് അല്ലു അര്‍ജുനെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ വലിയ ഫാനാണ്. എല്ലാ സിനിമകളും ഇഷ്ടമാണ്. അദ്ദേഹത്തെപ്പോലെ ഡാന്‍സൊക്കെ ചെയ്യും’ എന്നായിരുന്നു അവര്‍ പറഞ്ഞത്. അന്നത്തെ സമയത്ത് താങ്കള്‍ ഉണ്ടാക്കിയ റീച്ച് അത്ര വലുതാണ്,’ ദുല്‍ഖര്‍ പറയുന്നു.

രണ്ടാമത്തെ ഓര്‍മയും ദുല്‍ഖര്‍ ഇതിനൊപ്പം പങ്കുവെച്ചു. കൊവിഡിന്റെ സമയത്താണ് താനും കുടുംബവും അല്ലു അര്‍ജുന്റെ അല വൈകുണ്ഠപുരംലോ കണ്ടതെന്നും അത് എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടമായെന്നും ദുല്‍ഖര്‍ പറഞ്ഞു. തന്റെ പങ്കാളിക്ക് ഉറുദു അല്ലാതെ മറ്റൊരു ഭാഷയുമറിയില്ലെന്നും എന്നാല്‍ ആ സിനിമ ഒരുപാട് ആസ്വദിച്ച് കണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എന്റെ വൈഫിന്റെ കുടുംബത്തിലെ പലര്‍ക്കും ഞാന്‍ ആ സിനിമ കാണിച്ചുകൊടുത്തു. ഉറുദു അല്ലാതെ മറ്റൊരു ഭാഷയുമറിയാത്ത അവര്‍ക്ക് ആ സിനിമ ഒരുപാട് കണക്ടായി. ‘ബുട്ടബൊമ്മ’ എന്ന പാട്ട് എന്റെ മകള്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അന്ന് അവള്‍ക്ക് മൂന്ന് വയസോ മറ്റോ ആയിരുന്നു. അവളും അവളുടെ കസിന്‍സും എന്നോട് ‘അല്ലു അര്‍ജുനെ കണ്ടിട്ടുണ്ടോ’ എന്നൊക്കെ ചോദിച്ചിട്ടുണ്ട്,’ ദുല്‍ഖര്‍ പറയുന്നു.

Content Highlight: Dulquer Salmaan shares two memories about Allu Arjun

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more