| Friday, 7th November 2025, 10:13 pm

ഒരുപാട് ആക്ഷനും അലര്‍ച്ചയും കാരണം ശബ്ദം പോയി, രണ്ട് വര്‍ഷത്തിന് ശേഷം വരുന്ന ഐ ആം ഗെയിം പ്രതീക്ഷകള്‍ കാക്കും: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ ചിത്രമായ കാന്തായുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. എറണാകുളം ലുലു മാളില്‍ നിറഞ്ഞുകവിഞ്ഞ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് ഡി.ക്യുവും കാന്തായുടെ അണിയറപ്രവര്‍ത്തകരും കേരള മണ്ണിലെത്തിയത്. ചിത്രത്തെക്കുറിച്ച് വാതോരാതെ ദുല്‍ഖര്‍ സംസാരിക്കുകയും ചെയ്തു.

കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍ പൂര്‍ണമായും അന്യഭാഷയില്‍ ശ്രദ്ധ നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലക്കി ഭാസ്‌കറും ഈ വര്‍ഷം കാന്തായും ദുല്‍ഖറിന്റേതായി ഒരുങ്ങിയ അന്യഭാഷാ സിനിമകളാണ്. മലയാളത്തില്‍ നായകനാകുന്ന അടുത്ത സിനിമ എപ്പോഴാണെന്ന ചോദ്യത്തോട് താരം പ്രതികരിച്ചു. ഐ ആം ഗെയിമിന്റെ ലൊക്കേഷനില്‍ നിന്നാണ് താന്‍ വരുന്നതെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ തന്റെ പ്രസംഗം ആരംഭിച്ചത്.

‘എന്റെ ശബ്ദമൊക്കെ പോയിരിക്കുകയാണ്. ഒരുപാട് ആക്ഷനും അലര്‍ച്ചയുമൊക്കെയായിട്ടാണ് ശബ്ദം പോയത്. ഇനിയും കുറച്ചുകൂടെ ഷൂട്ട് ബാക്കിയുണ്ട്. അതെല്ലാം പെട്ടെന്ന് തീരുമെന്നാണ് പ്രതീക്ഷ. എനിക്കറിയാം, കഴിഞ്ഞ രണ്ട് വര്‍ഷമായി അന്യഭാഷാ സിനിമകളുമായി നിങ്ങളുടെയടുത്ത് വരുന്നത്. എന്നെ മലയാളത്തില്‍ അധികം വൈകാതെ നിങ്ങള്‍ക്ക് കാണാനാകും.

കൊച്ചിയിലാണ് പടത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ഷൂട്ട് ചെയ്യുന്നത്. ബാക്കി ലൊക്കേഷനുകളിലെ ഷൂട്ട് ഏറെക്കുറെ കംപ്ലീറ്റായി. എല്ലാം സമയത്തിന് തീരുകയാണെങ്കില്‍ 2026 സമ്മര്‍ റിലീസായി ഐ ആം ഗെയിം തിയേറ്ററിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ പ്രതീക്ഷകളെയെല്ലാം ആ സിനിമ കാക്കുമെന്ന് കരുതുന്നു’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. സ്‌പോര്‍ട്‌സ്, ആക്ഷന്‍, ഫാന്റസി എന്നീ ഴോണറുകളിലായാണ് ചിത്രം ഒരുങ്ങുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസ് പെപ്പെയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

തമിഴ് താരങ്ങളായ മിഷ്‌കിന്‍, കതിര്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആര്‍.ഡി.എക്‌സിനായി ആക്ഷന്‍ രംഗങ്ങളൊരുക്കിയ അന്‍ബറിവാണ് ഐ ആം ഗെയിമിന്റെ ആക്ഷന്‍ സീനുകള്‍ ഒരുക്കുന്നത്. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീതം. പാന്‍ ഇന്ത്യന്‍ റിലീസാണ് ഐ ആം ഗെയിം ലക്ഷ്യമിടുന്നത്.

Content Highlight: Dulquer Salmaan shares the release update of I’m Game movie

Latest Stories

We use cookies to give you the best possible experience. Learn more