| Tuesday, 11th November 2025, 10:31 pm

നന്നായി ചെയ്തിട്ടുണ്ട്, സൂപ്പറായി എന്നൊന്നും ഇതുവരെ വാപ്പച്ചി എന്നോട് പറഞ്ഞിട്ടേയില്ല, അദ്ദേഹത്തിന്റെ സ്വഭാവം അതാണ്: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമാലോകത്തേക്കെത്തി പിന്നീട് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളവും കടന്ന് തമിഴും തെലുങ്കും കീഴടക്കിയ ദുല്‍ഖര്‍ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു. മമ്മൂട്ടി തന്നെക്കുറിച്ച് ഓരോ അവാര്‍ഡ് ഫങ്ഷനുകളിലും സംസാരിക്കുന്നതിന്റെ വീഡിയോ കാണാറുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു.

തന്നെക്കുറിച്ച് ചോദിക്കുന്നവരോട് തമാശ രൂപത്തില്‍ മറുപടി പറയുന്നതെല്ലാം താന്‍ കണ്ട് ചിരിക്കാറുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. വീട്ടിലും ചില സമയത്ത് മമ്മൂട്ടി ഇതുപോലെ തന്നെയാണെന്നും ഇടക്കൊക്കെയേ കാണാറുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ കാന്തായുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.

‘എന്റെ സിനിമകള്‍ കണ്ടിട്ട് നന്നായി ചെയ്തിട്ടുണ്ട്, സൂപ്പറാണ് എന്നൊന്നും വാപ്പച്ചി പറയാറില്ല. അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണ്. കാരണമെന്താണെന്ന് വെച്ചാല്‍ നമുക്ക് നേരത്തെ സക്‌സസ് ലഭിച്ചെന്ന് തിരിച്ചറിഞ്ഞാല്‍ പോകേണ്ട പാത മറന്നുപോകും. ഞാന്‍ കാരണമാണ് സിനിമ ഓടിയതെന്ന ചിന്ത വന്നാല്‍ പിന്നീടങ്ങോട്ട് നല്ല കഥകള്‍ തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാകും’ ദുല്‍ഖര്‍ പറയുന്നു.

നെപ്പോ കിഡ് എന്ന വിളി എപ്പോഴെങ്കിലും ബുദ്ധിമുട്ടുണ്ടാക്കാറുണ്ടോ എന്ന ചോദ്യത്തോടും ദുല്‍ഖര്‍ പ്രതികരിച്ചു. നെപ്പോ കിഡ് എന്ന വിളി തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്ന് താരം പറഞ്ഞു. അത്തരം വിളികള്‍ ഒരു പ്രിവിലേജായിട്ടാണ് കണക്കാക്കുന്നതെന്നും എന്നാല്‍ അതിനും ചില നെഗറ്റീവുണ്ടാകുമെന്നും ദുല്‍ഖര്‍ പറയുന്നു.

‘നെപ്പോ കിഡായി ഇരിക്കുന്നത് ഒരു പ്രിവിലേജായിട്ടാണ് കാണുന്നത്. അത് ഒരു ഡിസഡ്വാന്റേജായിട്ട് കാണാറില്ല. ചിലപ്പോഴൊക്കെ ഞങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതായി തോന്നാറുണ്ട്. ഞങ്ങള്‍ മാത്രമല്ല, ഫെയിം നേടുന്ന ഏതൊരാളും അത്തരത്തില്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതായി കാണുന്നുണ്ട്. നെപ്പോ കിഡ് എന്ന വിളി ഒരിക്കലും ബാധ്യതയല്ല’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം കാന്താ റിലീസിന് തയാറെടുക്കുകയാണ്. തമിഴിലും തെലുങ്കിലും ചിത്രീകരിച്ച കാന്താ പീരിയോഡിക് ഡ്രാമാ ഴോണറിലാണ് ഒരുങ്ങുന്നത്. ദുല്‍ഖറിനൊപ്പം റാണാ ദഗ്ഗുബട്ടി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരും കാന്തായില്‍ അണിനിരക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനും റാണാ ദഗ്ഗുബട്ടിയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

Content Highlight: Dulquer Salmaan saying Mammootty never appreciated him

We use cookies to give you the best possible experience. Learn more