| Saturday, 15th November 2025, 1:02 pm

താരമല്ല, നടനെന്ന് തെളിയിച്ചു, നടിപ്പ് ചക്രവര്‍ത്തിയായി കാന്തായില്‍ തിളങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍

അമര്‍നാഥ് എം.

മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിലാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. രണ്ടാമത്തെ സിനിമയുടെ സമയത്ത് ഷൂട്ടിനെത്തിയ ദുല്‍ഖറിനെ കണ്ട് കൂവുന്ന ഒരു കൂട്ടമാളുകളുടെ വീഡിയോ ഇന്നും വൈറലാണ്. അവിടെ നിന്ന് മോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളായി ദുല്‍ഖര്‍ മാറിയത് കഠിനാധ്വാനം കൊണ്ടാണ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ ദുല്‍ഖര്‍ ശ്രമിക്കാറുണ്ട്. കേരളത്തിലുള്ളതുപോലെ തെലുങ്കിലും താരത്തിന് വലിയ ഫാന്‍ ബേസുണ്ട്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന ടാഗ് തനിക്ക് ചേരുമെന്ന് പലപ്പോഴായി ദുല്‍ഖര്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ച് പലരും സംസാരിക്കുന്നുണ്ടായിരുന്നു.

ചലഞ്ചിങ്ങായിട്ടുള്ള വേഷങ്ങള്‍ പുള്‍ ഓഫ് ചെയ്യാന്‍ ദുല്‍ഖറിന് പരിമിതയുണ്ടെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ കാന്തായില്‍ ദുല്‍ഖര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കിയിട്ടുണ്ട്. തമിഴിലെ സൂപ്പര്‍സ്റ്റാര്‍ ടി.കെ. മഹാദേവനായി ഗംഭീര പ്രകടനമാണ് ദുല്‍ഖര്‍ കാഴ്ചവെച്ചത്. തമിഴകത്ത ‘നടിപ്പ് ചക്രവര്‍ത്തി’ എന്നറിയപ്പെടുന്ന സ്റ്റാറായി വേഷമിടുക എന്നത് വലിയ വെല്ലുവിളിയാണ്.

എന്നാല്‍ ഇത്തരം പെര്‍ഫോമന്‍സുകളും തന്നെക്കൊണ്ട് പുള്‍ ഓഫ് ചെയ്യാനാകുമെന്ന് ദുല്‍ഖര്‍ തെളിയിച്ചു. ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്ന കഥാപാത്രങ്ങളിലൊന്നാണ് ടി.കെ മഹാദേവന്‍. തന്നെ കൈപിടിച്ചുയര്‍ത്തിയ സംവിധാകനോടുള്ള ഈഗോയും അയാളെക്കാള്‍ മികച്ചതാണ് താനെന്ന് തെളിയിക്കുന്ന ഭാഗങ്ങളും ദുല്‍ഖര്‍ അതിഗംഭീരമായി പകര്‍ന്നാടി.

ഇന്റര്‍വെല്ലിന് മുമ്പുള്ള മിറര്‍ സീന്‍ അതിന് ഉദാഹരണമാണ്. ടീസറില്‍ പലരും ട്രോളിയ രംഗത്തിന് തിയേറ്ററില്‍ കൈയടികളായിരുന്നു. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ സമുദ്രക്കനിയുമായുള്ള സംഭാഷണവും ക്ലൈമാക്‌സിലെ പ്രകടനവുമെല്ലാം ദുല്‍ഖറിലെ നടനെ അടയാളപ്പെടുത്തുന്നവയാണ്. ദുല്‍ഖറിലെ നടനെ വിലകുറച്ച് കണ്ടവര്‍ക്കുള്ള മറുപടി കൂടിയാണ് കാന്താ.

ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കാന്തായിലാണെന്ന് ഒരിക്കലും പറയാനാകില്ല. ഉസ്താദ് ഹോട്ടലിലെ ഫൈസിയും ചാര്‍ലിയും ബാംഗ്ലൂര്‍ ഡേയ്‌സിലെ അജുവും മറ്റ് നടന്മാര്‍ക്ക് അതേ റേഞ്ചില്‍ ചെയ്തുഫലിപ്പിക്കാന്‍ സാധിക്കാത്ത വേഷങ്ങളാണ്. അന്യഭാഷയിലേക്ക് നോക്കിയാല്‍ മഹാനടിയിലെ ജെമിനി ഗണേശന്‍, സീതാ രാമത്തിലെ റാം എന്നിവയെല്ലാം ദുല്‍ഖറിന്റെ മികച്ച പ്രകടനങ്ങളാണ്.

ഈ പട്ടികയിലേക്ക് ധൈര്യപൂര്‍വം ചേര്‍ക്കാവുന്ന പെര്‍ഫോമന്‍സാണ് കാന്തായിലേത്. സേഫ് സോണ്‍ റോളുകള്‍ മാത്രമേ ചെയ്യുന്നുള്ളൂവെന്നും സ്റ്റാര്‍ഡം കൊണ്ട് പിടിച്ചുനില്‍ക്കുന്നുണ്ടെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് ഇങ്ങനെയെല്ലാം മറുപടി നല്കുന്ന ദുല്‍ഖറിന്റെ രീതി അഭിനന്ദനാര്‍ഹമാണ്. ഇനിയും വിസ്മയിപ്പിക്കാന്‍ താരത്തിന് സാധിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Dulquer Salmaan’s performance in Kaantha movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more