മലയാള സിനിമയില്‍ നിന്നും കരയറിന് തുടക്കമിട്ട നായകനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ താരം പിന്നീടങ്ങോട്ട് സിനിമാമേഖലയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും സജീവമായ താരം വര്‍ഷങ്ങളായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയിലാണ്.
സീതാരാമം, ലക്കി ബാസ്‌ക്കര്‍ തുടങ്ങിയ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖറിന്റെ ചിത്രങ്ങള്‍ തെലുങ്കിലായിരുന്നു പുറത്തിറങ്ങിയത്. ഇതോടെ ടോളിവുഡിന്റെ ദത്തുപുത്രന്‍ എന്ന വിളിപ്പേര് സ്വന്തമാക്കാനും ഇന്‍ഡസ്ട്രിയില്‍ ഒരുപാട് ആരാധകരെ സൃഷ്ടിക്കാനും ദുല്‍ഖറിന് സാധിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ചെയ്ത ഐ ആം ഗെയിം ബോക്‌സ് ഓഫീസില്‍ പരാജയമായതോടെ താരത്തിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാലോകം.
ദുല്‍ഖര്‍ സല്‍മാന്‍. Photo: Dulquer Salman/X.com
ഇതിന് വിരാമമിട്ടായിരുന്നു പവന്‍ സാദിനേനി സംവിധാനം ചെയ്ത ആകാശത്തില്‍ ഒരു താരകം തിയേറ്ററുകളിലേക്കെത്തിയത്. ഒരു ലൈറ്റ് ഹാര്‍ട്ടഡ് ഫീല്‍ ഗുഡ് ചിത്രമാണ് എ.ഒ.ടി എന്ന് അപ്‌ഡേറ്റുകളെല്ലാം സൂചന നല്‍കിയിരുന്നുവെങ്കിലും സമീപകാലത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും നല്ല സന്ദേശമുള്ള പ്രേക്ഷകരെ ഇമോഷണലി കണക്ട് ചെയ്യുന്ന ഒരു ഗംഭീര ചിത്രമാണ് പവന്‍ സാദിനേനി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ട്രെയ്‌ലറില്‍ സൂചിപ്പിച്ച പോലെ വളരെ പ്ലെയിനായിട്ടുള്ള കഥാഗതിയാണ് ചിത്രത്തിന്റേതെങ്കിലും ഗംഭീര പെര്‍ഫോമന്‍സിലൂടെയും മ്യൂസിക്കിലൂടെയും കൃത്യമായ എക്‌സിക്ക്യൂഷനിലൂടെയും ഒരു ഹൃദയഹാരിയായ ചിത്രമായി എ.ഒ.ടി മാറുകയായിരുന്നു.
താന്‍ മലയാളത്തില്‍ തെലുങ്ക് ചിത്രം ചെയ്യുന്നുവെന്നും, തെലുങ്കില്‍ പോയി മലയാള ചിത്രം ചെയ്യുന്നുവെന്നുമുള്ള ട്രോളുകളെ കുറിച്ച് എ.ഒ.ടിയുടെ പ്രൊമോഷന്‍ ഇവന്റിനിടയില്‍ ദുല്‍ഖര്‍ സംസാരിച്ചിരുന്നു. മാസ് മസാല ആക്ഷന്‍ ചിത്രങ്ങള്‍ കണ്ടുമടുത്ത ഒരു ഇന്‍ഡസ്ട്രിയില്‍ കഥയ്ക്കും മറ്റ് കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്ന സിനിമയുമായി ഒരിക്കല്‍ കൂടെ മനസ് നിറക്കുകയാണ് ആകാശത്തില്‍ ഒരു താരകം.
നവാഗതയായ സാത്വിക വീരവള്ളി അവതരിപ്പിച്ച കല്പന എന്ന കഥാപാത്രത്തെയും അവളുടെ ആഗ്രഹങ്ങളെയും ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രത്തിന്റെ നെടുംതൂണായി നില്‍ക്കുന്നത് ദുല്‍ഖര്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രമാണ്. ഒരു ഐറ്റം സോങ്ങോ, ആക്ഷനോ, പഞ്ച് ഡയലോഗോ ഇല്ലാത്ത ചിത്രത്തില്‍ പ്രേക്ഷകരുടെ മനം കവരുന്നത് ദുല്‍ഖറടക്കമുള്ളവരുടെ പെര്‍ഫോമന്‍സാണ്. കൃഷ്ണ ചിരിക്കുമ്പോള്‍ പ്രേക്ഷകനും ചിരിക്കുകയും സങ്കടം വരുമ്പോള്‍ പ്രേക്ഷകനും സങ്കടം വരുകയും ചെയ്യുന്ന ലെവലില്‍ ദുല്‍ഖര്‍ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട്.
ആകാശത്തില്‍ ഒരു താരകം. Photo: Dulquer Salmaan/ X.com
തെലുങ്കിലെ മറ്റേതൊരു മുന്‍നിര നടനും ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിച്ചേക്കാവുന്ന കഥയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശം വലിയ വിഭാഗം ഓഡിയന്‍സിലേക്കെത്തിക്കാന്‍ സംവിധായകന് ശക്തിയാകുകയും ചെയ്ത ദുല്‍ഖര്‍ പ്രശംസയര്‍ഹിക്കുന്നു. സിനിമയുടെ സമൂഹത്തിലുള്ള കടമയും സ്വാധീനവും ഒരിക്കല്‍ കൂടെ ഓര്‍മപ്പെടുത്തുന്ന ആകാശത്തില്‍ ഒരു താരകം പോലെയൊരു ചിത്രത്തിന്റെ ഭാഗമായിക്കൊണ്ട് തെലുങ്ക് ഓഡിയന്‍സിന്റെ മനസില്‍ ആഴത്തില്‍ വേരുറപ്പിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
Content Highlight: Dulquer Salmaan’s performance in Akasam Lo oka tara movie