| Tuesday, 12th August 2025, 9:45 pm

ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ; ഇന്‍സ്‌പെക്ടര്‍ ബല്‍റാമായി മാസ് അവതാരത്തില്‍ ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ ഹീറോയാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ ഭാഗമായ എല്ലാ ഇന്‍ഡസ്ട്രിയിലും മികച്ച വിജയം സ്വന്തമാക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് മുമ്പ് തെലുങ്കില്‍ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രം നേടിയതോടെ താരത്തിന്റെ സ്റ്റാര്‍ഡം ഉയരത്തിലെത്തുകയും ചെയ്തു.

ദുല്‍ഖറിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. പൊലീസ് വേഷത്തില്‍ മാസ് ബി.ജി.എമ്മോട് നടന്നുവരുന്ന ദുല്‍ഖറിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇന്‍സ്‌പെക്ടര്‍ ബല്‍റാമായി ദുല്‍ഖര്‍ വേഷമിടുന്ന വീഡിയോയുടെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഇത് സിനിമയാണോ സീരീസാണോ എന്ന് ആദ്യം എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു.

എന്നാല്‍ പിന്നീടാണ് ഇത് ഒരു ആപ്പിന്റെ പരസ്യമാണെന്ന് പലര്‍ക്കും മനസിലായത്. ജാര്‍ ആപ്പിന്റെ 24K എന്ന വീഡിയോയുടെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഗോള്‍ഡ് സേവിങ്‌സിന് വേണ്ടി ഡെവലപ്പ് ചെയ്ത ആപ്പിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ദുല്‍ഖര്‍. ആപ്പിന്റെ പുതിയ പരസ്യം തന്നെ വേറെ ലെവലായിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മാസ് റോളുകള്‍ ചേരില്ലെന്ന് പലരും വിമര്‍ശിക്കുമെങ്കിലും വെറും സെക്കന്‍ഡുകള്‍ മാത്രമുള്ള ടീസറില്‍ അപാര സ്‌ക്രീന്‍ പ്രസന്‍സാണ് ദുല്‍ഖറിനുള്ളത്. വീഡിയോയില്‍ താരം വലിയ രീതിയില്‍ സ്‌കോര്‍ ചെയ്യുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ വീഡിയോ എന്ന് പുറത്തിറങ്ങുമെന്ന് അറിയിച്ചിട്ടില്ല. അധികെ വൈകാതെ വീഡിയോ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ മൂന്ന് സിനിമകളുടെ തിരക്കിലാണ് ദുല്‍ഖര്‍. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന കാന്താ, തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താര, മലയാള ചിത്രം ഐ ആം ഗെയിം എന്നിവയാണ് താരത്തിന്റെ അപ്കമിങ് പ്രൊജക്ടുകള്‍. താരത്തിന്റെ കരിയറിലെ നാഴികക്കല്ലാകാന്‍ സാധ്യതയുള്ള ചിത്രങ്ങളാണ് ഇവയെല്ലാം. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട കാന്തായുടെ ടീസറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്.

തമിഴിലെ ആദ്യകാല സൂപ്പര്‍സ്റ്റാര്‍ എം.കെ. ത്യാഗരാജ ഭാഗവതരുടെ കഥയാണ് കാന്താ പറയുന്നത്. ആന്ധ്രയിലെ ഒരു സാധാരണ ഗ്രാമത്തിലെ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ആകാസം ലോ ഒക്ക താര. കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍ ഭാഗമാകുന്ന മലയാള ചിത്രം ഐ ആം ഗെയിം ഒരുക്കിയിരിക്കുന്നത് നഹാസ് ഹിദായത്താണ്. ചിത്രത്തില്‍ ഇതുവരെ ദുല്‍ഖര്‍ ജോയിന്‍ ചെയ്തിട്ടില്ല.

Content Highlight: Dulquer Salmaan’s new ad teaser went viral

We use cookies to give you the best possible experience. Learn more